NEWS

സോണിയ വിമർശനത്തിന് തരൂരിന് പണി കിട്ടുമോ? വിമർശനം കടുക്കുന്നു

കോണ്‍ഗ്രസിന് ദേശീയ നേതൃത്വംവേണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രിയത്തിലെ വിവാദ നായകന്‍. എന്നാല്‍ ഇപ്പോഴും ആരാണ് കത്തിന് പിന്നിലെന്ന് തുറന്ന് പറയാന്‍ മടിക്കാണിക്കുന്നവസരത്തില്‍ ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തരൂര്‍ നടത്തിയ വിരുന്നില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് കൂടുതല്‍ കേരള നേതാക്കള്‍ തരൂരിനെതിരെ രംഗത്ത് വന്നത്. ഇന്നലെ കത്തിലെ അതൃപ്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പ്രകടിപ്പിച്ചതോടെ കെ. മുരളീധരന്‍ എം.പി രംഗത്തെത്തി. വിശ്വപൗരനാണ് തരൂര്‍, തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരന്‍മാരാണെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തരൂര്‍ സ്വാഗതം ചെയ്യുകയും താന്‍ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണെന്നും പറഞ്ഞിരുന്നു.

അതേസമയം, കത്ത് നല്‍കിയവര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചെങ്കിലും വിവാദം പുകയുകയാണ്. ശശി തരൂരിനെതിരെയാണ് ഇപ്പോള്‍ കെപിസിസിയുടെ നീക്കം. തിരുവനന്തപുരം വിമാനത്താവളമടക്കമുളള തീരുമാനങ്ങളില്‍ കെപിസിസിയുടെ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ അഭിപ്രായങ്ങള്‍.

ഡല്‍ഹിയിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് ശശി തരൂര്‍. മാത്രമല്ല ഏതവസരത്തിലും കാണാന്‍ അവസരം നല്‍കുന്ന നിലപാട് കാരാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയെന്നും തരൂരിനെ വിമര്‍ശിച്ച് മുല്ലപ്പളളി പറഞ്ഞു.

അതേസമയം കുറച്ച് നാളുകളായി തരൂര്‍ ഡല്‍ഹിയില്‍ തന്നെയാണെന്നും കോവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് കണ്ടിട്ടില്ലെന്നും ഡല്‍ഹിയില്‍ സായാഹ്ന യോഗങ്ങളും ഡിന്നറുകളുമായി കൂടുകയാണെന്നും മുല്ലപ്പളളി പറയുന്നു.

രണ്ടാഴ്ച മുമ്പാണ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂര്‍ അടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേ ചൊല്ലി ഈ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, നടപടികള്‍ ഒന്നുമുണ്ടായില്ല. പൂര്‍ണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കള്‍ ആവശ്യപ്പെട്ടത്.

അതേസമയം, ഈ കത്തില്‍ വളരെ കരുതലോടെയാണ് സോണിയ പ്രതികരിച്ചത്.
കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ പറഞ്ഞു.

Back to top button
error: