NEWS

സോണിയയുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി: ജെഇഇ നീറ്റ് പരീക്ഷ യോഗത്തില്‍ നിന്ന് പിണറായി വിജയന്‍ വിട്ടുനിന്നു

കോവിഡ് പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നിരയിലുളള മന്ത്രിമാരുടെ യോഗം വിളിച്ചു.

കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായിരുന്നു അതിനിടെയാണ് യോഗം വിളിച്ചത്. പരീക്ഷ നീട്ടിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്‍ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്‍ പങ്കുവെച്ചു.

കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുകയാണെന്ന് ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെ ഇക്കാര്യത്തില്‍ കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ആരോപിച്ചിരുന്നു.

വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ യോഗത്തില്‍ പഞ്ചാബ്,രാഡസ്ഥാന്‍,ഛത്തീസ്ഗഢ്,പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍എന്നിവരും പങ്കെടുത്തു. എന്നാല്‍ കേരളത്തില്‍ നിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍യോഗത്തില്‍ പങ്കെടുത്തില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Back to top button
error: