TRENDING

വ്യാജ പാസ്‌പോര്‍ട്ട് കേസ്‌; റൊണാള്‍ഡീഞ്ഞോയ്ക്ക് ജയില്‍ മോചനം

ങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോയ്ക്ക് ജയില്‍ മോചനം. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ അറസ്റ്റിലായ താരം അഞ്ച് മാസത്തോളം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മാര്‍ച്ച് മാസം ആദ്യമാണ് റൊണാള്‍ഡിഞ്ഞിയോയും സഹോദരന്‍ റോബര്‍ട്ടോയും അയല്‍രാജ്യമായ പാരഗ്വായില്‍ പോലീസിന്റെ പിടിയിലാകുന്നത്. അന്ന് മുതല്‍ ഇരുവരും ജയില്‍ വാസത്തിലായിരുന്നു.

ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയാകും വരെ ഇരുവരുടെയും ജയില്‍വാസം വീട്ടുതടങ്കലാക്കി കോടതി ഇളവു ചെയ്തു. ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. 12 കോടിയോളം രൂപയാണ് ഇതിനായി ജാമ്യത്തുക നല്‍കിയത്. വീട്ടുതടങ്ങലില്‍ നിന്ന് ഇരുവരേയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതോടെ താരത്തിന് ബ്രസീലിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുകയായിരുന്നു. കുറ്റവിമുക്തനാക്കിയപ്പോള്‍ ചെലവിനത്തില്‍ 90,000 ഡോളര്‍ കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും. റൊണാള്‍ഡീഞ്ഞോ ഇന്ന് തന്നെ പ്രസീലിലേക്ക് മടങ്ങുമെന്നാണ് വിവരം.

ഈ വര്‍ഷം മാര്‍ച്ചില്‍ പാരഗ്വായ് തലസ്ഥാനമായ അസുന്‍സ്യോനിലെ ഒരു കസിനോ ഉടമസ്ഥന്റെ ക്ഷണപ്രകാരം ഇവിടെയെത്തിയ റൊണാള്‍ഡിഞ്ഞോയെ താമസിക്കുന്ന ഹോട്ടലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. യാത്രാരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പാരഗ്വായ് പൗരത്വം തെളിയിക്കുന്ന പാസ്‌പോര്‍ട്ട് നല്‍കിയെന്നും ഇതു വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സാവോ പോളോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ബ്രസീലിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ആരംഭിച്ച ഇരുവരും അസുന്‍സ്യോനില്‍ വിമാനമിറങ്ങിയപ്പോള്‍ മുതല്‍ പാരഗ്വായ് പാസ്‌പോര്‍ട്ട് ആണ് ഉപയോഗിച്ചിരുന്നത്.

2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന റൊണാള്‍ഡീഞ്ഞോ സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയന്‍ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, ബലോന്‍ ദ് ഓര്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വം താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡീഞ്ഞോ. 2018ഓടെയാണ് അദ്ദേഹം ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.

Back to top button
error: