പുതിയ കോൺഗ്രസ് പ്രസിഡന്റ് ആറുമാസത്തിനകം, അതുവരെ സോണിയ തുടരും

കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ പുതിയ അധ്യക്ഷനെ കുറിച്ച് നിർണായക തീരുമാനം
പുതിയ കോൺഗ്രസ് പ്രസിഡണ്ടിനെ ആറുമാസത്തിനകം തിരഞ്ഞെടുക്കാൻ തീരുമാനം. ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതുവരെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയഗാന്ധി തുടരും. ആറുമാസത്തിനകം എ ഐ സി സി വിളിച്ചുകൂട്ടി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എന്നാണ് സോണിയയുടെ നിർദേശം.

ഇന്നത്തെ പ്രവർത്തകസമിതി യോഗം ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. യോഗത്തിൽ നിരവധി നാടകീയ സംഭവങ്ങൾ ഉണ്ടായി. “മുഴുവൻ സമയം ദൃശ്യമായ നേതൃത്വം” കോൺഗ്രസിന് വേണമെന്ന് 23 മുതിർന്ന നേതാക്കൾ കത്തെഴുതിയതിന് ശേഷമാണ് പ്രവർത്തകസമിതി യോഗം ചേർന്നത്. കത്ത് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഈ പശ്ചാത്തലത്തിൽ ഇടക്കാല അധ്യക്ഷ ആയി തുടരാൻ താനില്ലെന്ന് സോണിയാഗാന്ധി പ്രവർത്തകസമിതി അറിയിക്കുകയായിരുന്നു.

കത്തിനെ ചൊല്ലി വിശദമായ ചർച്ച പ്രവർത്തകസമിതി യോഗത്തിൽ നടന്നു. ഒരുവേള കത്തെഴുതിയവർ ബിജെപിയോട് കൂട്ടുകൂടുന്നവരാണെന്ന് രാഹുൽഗാന്ധി പറഞ്ഞു എന്നത് വരെ പുറത്തുവന്നു. ബിജെപിയുമായി കൂട്ടുചേർന്നു എന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞതായും റിപ്പോർട്ട് വന്നു. ഇതിനിടെ രാഹുലിനെ പേരെടുത്തു പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വീറ്റ് ചെയ്തു. എന്നാൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കപിൽ സിബലിനെ തിരുത്തി. രാഹുൽ ഗാന്ധിയുമായി സംസാരിച്ചതിനുശേഷം കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു.

സോണിയാഗാന്ധിക്ക് കത്തയച്ചതിനെ രൂക്ഷമായ ഭാഷയിലാണ് രാഹുൽഗാന്ധി വിമർശിച്ചത്. രാജസ്ഥാൻ പ്രതിസന്ധി നിലനിൽക്കുന്ന ഘട്ടത്തിലായിരുന്നു കത്ത് എന്ന രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. മാത്രമല്ല സോണിയഗാന്ധി അസുഖബാധിതയായി ആശുപത്രിയിലും ആയിരുന്നു. ഈ പശ്ചാത്തലത്തിൽ കത്തയച്ച സമയം തീരെ ശരിയായില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. മൻമോഹൻസിംഗും എകെ ആന്റണിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടെടുത്തു. രാഹുൽ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ആനന്ദ് ശർമ ആവശ്യപ്പെട്ടു. എന്നാൽ തീരുമാനങ്ങൾ കൂട്ടായി എടുക്കണമെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു. കത്തിൽ ഒപ്പിട്ടവരിൽ ആനന്ദ് ശർമയും ഉണ്ട്.

താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്ന് യോഗത്തിൽ സോണിയാഗാന്ധി പറഞ്ഞതായി റിപ്പോർട്ടുണ്ട്. കത്തയച്ചതിലും കത്തിലെപരാമർശങ്ങളിലും തനിക്ക് വേദനയുണ്ട്. എന്നാൽ കഴിഞ്ഞത് കഴിഞ്ഞു. എല്ലാവരും തന്റെ സഹപ്രവർത്തകരാണ് എന്നും സോണിയ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനം സോണിയ ഗാന്ധി നടത്തി എന്നറിയുന്നു.

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയി ചുമതല ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് നെഹ്റു ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകുന്നത്. പാർട്ടി നിർജീവം ആണെന്നും പ്രവർത്തകർ അലസരായി എന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു മുഴുവൻ സമയ പ്രസിഡണ്ട് ആണ് കോൺഗ്രസിന് ആവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version