LIFE

ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞ കാരണം ഇനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണമുണ്ടാകാന്‍ പോകുന്നില്ല: ലാല്‍

സിദ്ധിഖ്-ലാല്‍ കോംബോ മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യത കിട്ടിയ രണ്ട് പേരുകളാണ്. ഒരുമിച്ചുണ്ടായിരുന്നപ്പോഴും, പരസ്പര സമ്മതത്തോടെ പിരിഞ്ഞപ്പോഴും തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച ചുരുക്കം ചില സംവിധായകരാണ് സിദ്ധിഖും ലാലും. പിരിഞ്ഞതോടെ ഇരുവരും തങ്ങളുടേതായ സ്വതന്ത്രസിനിമകളുമായി മുന്നോട്ട് പോകുകയും വിജയം നേടുകയും ചെയ്തു. 1986 ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രീയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിദ്ധിഖ്-ലാല്‍ സഖ്യം മുഖ്യാധാര സിനിമകളുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വരുന്നത്.പിന്നീട് സൂപ്പര്‍ ഹിറ്റായ നാടോടിക്കാറ്റ് എന്ന ചിത്രത്തിനും ഇരുവരും ചേര്‍ന്ന് കഥയെഴുതി.

1989 ല്‍ റിലീസ് ചെയ്ത റാംജിറാവു സ്പീക്കിംഗ് ആണ് ഇരുവരുടേയും ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ചിത്രം റിലീസ് ചെയ്ത തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും പിന്നീട് ചിത്രം വലിയ വിജയത്തിലേക്ക് പോവുകയായിരുന്നു.ഈ ചിത്രത്തോടെ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന് പ്രേത്യക മൂല്യം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. പിന്നാലെയെത്തിയ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ റെക്കോര്‍ഡ് വിജയമായിരുന്നു. ഇതോടെ സിദ്ധിഖ്-ലാല്‍ ചിത്രത്തിന് വേണ്ടി പ്രൊഡ്യൂസേഴ്‌സ് കാത്തിരുന്നു.

പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ട് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് പിരിയുകയായിരുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നവര്‍ പിരിയുന്നു, പിരിഞ്ഞിട്ടും പഴയ പോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. സിദ്ധിഖും ലാലും മലയാള സിനിമയ്്ക്ക് ഇന്നും മനസിലാവാത്ത ഒരു പുസ്തകമാണ്.

ഈയടുത്ത് ഒരു ചാനലില്‍ രണ്ട് പേരും ഒരുമിച്ചെത്തിയ പ്രോഗ്രമിലാണ് എന്തിനാണ് ഇരുവരും പിരിഞ്ഞതെന്ന് അവതാരകന്‍ ചോദിച്ചത്. അതിന് മറുപടിയായിട്ടാണ് ലാല്‍ പറഞ്ഞത്, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞ കാരണം പറഞ്ഞിട്ട് താങ്കള്‍ക്കോ, എനിക്കോ സിദ്ധിഖിനോ, ഇത് കാണുന്ന പ്രേക്ഷകര്‍ക്കോ ഒരു ഗുണം കിട്ടാന്‍ പോണില്ല, ഒരുപക്ഷേ ചിലപ്പോള്‍ ആരെയെങ്കിലും അത് വേദനിപ്പിച്ചേക്കാം. വെറുതെയെന്തിനാണത്..? ചിരിയോടെ ലാലും സിദ്ധിഖും മറുപടി പറഞ്ഞവസാനിപ്പിച്ചു.

Back to top button
error: