NEWS

വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ വൻ അഴിമതി , നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല

ഇന്ന് നിയമസഭയിലും എൽ ഡി എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചു.
കോവിഡിന്റെ മറവിൽ സർക്കാർ പൊതു സ്വത്ത് സ്വകാര്യ മേഖലക്ക് തീറെഴുതുന്നുവെന്നാണ് ആരോപണം.

രമേശ് ചെന്നിത്തല സഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് –

കോവിഡിന്റെ മറവില്‍ ഈ സര്‍ക്കാര്‍ നടത്തിയ കൊള്ളയുടേയും അഴിമതിയുടേയും മറ്റൊരു സംഭവമാണ് ഈ സഭയുടെ മുമ്പാകെ ഞാന്‍ ഉന്നയിക്കുന്നത്.
കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേര്‍ന്ന് കിടക്കുന്ന, 14 കണ്ണായ സ്ഥലങ്ങളില്‍, വഴിയോരവിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് 23.07.2020 ലെ GO MS No: 56/2020/PWD എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങള്‍ ഈ സഭയും കേരളീയ പൊതുസമൂഹവും അറിയേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.
ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്.
28/12/2019 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഏറ്റവും ഗുരുതരമായ കാര്യം, പൊതുമേഖലാ സ്ഥാപനമായ, Indian Oil Corporation ന്റെ പ്രൊപ്പൊസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. Indian Oil Corporation മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്. അതായത് പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായത്.

കേരളത്തിലെ പൊതു സ്വത്തായ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്. ഇത് സംബന്ധിച്ചു ഈ സര്‍ക്കാര്‍ തന്നെ ക്യാബിനറ്റ് അംഗീകരിച്ച് പാസാക്കിയ ഉത്തരവിന്റെ (G.O(Ms) 116/2019/Rev) പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ വായിക്കാം

‘കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനെസ്സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍ , പതിച്ചു നല്‍കല്‍ , ഭൂ-സംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്’

ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്, ഇതിനെ മറികടന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നല്‍കാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഏറ്റവും ഗുരുതരമായ കാര്യം, പൊതുമരാമത്ത് വകുപ്പിന്റെ ഇത് സംബന്ധിച്ച ഫയല്‍ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് സംശയാതീതമായി റവന്യൂ മന്ത്രി തന്നെ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കുറുപ്പിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് മേല്‍പറഞ്ഞ ഉത്തരവ് പൊതുമരാമത്ത് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.

എനിക്ക് അറിയേണ്ടത് ഇത്തരത്തില്‍ റവന്യൂവകുപ്പ് മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്. റവന്യൂ മന്ത്രിയുടെ കുറിപ്പ് കാബിനറ്റില്‍ വച്ച് ഓവര്‍ റൂള്‍ ചെയ്തിരുന്നോ? ആയിരം കോവിഡ് രോഗികള്‍ ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വ്യഗ്രത കാട്ടിയത് എന്തിന്?
സ്വന്തം വകുപ്പ് പുറപ്പെടുവിക്കേണ്ട ഉത്തരവ് മറ്റ് വകുപ്പ് പുറപ്പെടുവിച്ചപ്പോള്‍ നിര്‍വ്വികാരനായി നോക്കി നിന്ന റവന്യൂ മന്ത്രി പിന്നീട് ഉത്തരവ് പുനപരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തത് വിചിത്രം തന്നെ. മന്ത്രിയുടെ 27.07.2020 ലെ 138/എന്‍/എം(റെവന്യൂ)/2020 നമ്പര്‍ കുറിപ്പ് ഞാന്‍ ഒന്ന് വായിക്കാം.

‘ജി.ഒ എംഎസ് നമ്പര്‍ 56/2020/പിഡബ്ലിയുഡി തീയതി 23.07.2020 പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ (ഉത്തരവിന്റെ പകര്‍പ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു) റവന്യൂ വകുപ്പ് നിബന്ധനകള്‍ക്ക് വിധേയമായി വേ-സൈഡ് അമിനിറ്റീസിന് ഭൂമി അനുവദിക്കാവുന്നതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വസ്തുതാപരമല്ലാത്തതാണ്. ബന്ധപ്പെട്ട വിഷയം റവന്യൂവിന്റെ ഫയല്‍ നമ്പര്‍ B2/228/2020/Rev പരിശോധിക്കുകയും 21.07.2020 ല്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ തലത്തില്‍ റിമാര്‍ക്‌സ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഭൂമി ലീസിന് നല്‍കുന്നതിന് മുമ്പ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കൈവശം ഉള്ള ഭൂമി സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും മറ്റ് വകുപ്പുകളുടെ കൈവശം ഉള്ള ഭൂമി സംബന്ധിച്ച് പ്രസ്തുത വകുപ്പുകളുടേയും അനുമതി വാങ്ങേണ്ടതാണെന്നും ബിസിനസ്സ് റൂള്‍സ് പ്രകാരവും, സ.ഉ(കൈ) നം. 116/2019/റവ തീയതി 02.04.2019 (മന്ത്രിസഭയുടെ അനുമതിയോടെ പുറപ്പെടുവിച്ച ഉത്തരവ്) പ്രകാരവും ആവശ്യമായ നടപപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഭൂമി സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും ഉള്ള റിമാര്‍ക്‌സ് ആണ് രേഖപ്പെടുത്തി നല്‍കിയിരുന്നത്. അതനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ എന്‍.ഒ.സി വാങ്ങി ഫയല്‍ റവന്യൂ വകുപ്പിന് അയച്ച് ധനകാര്യ വകുപ്പിന്റെ അഭിപ്രായം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മന്ത്രിസഭാ തലത്തിലുള്ള അനുമതിയും കൂടി വാങ്ങിയതിനു ശേഷം ഉത്തരവ് പുറപ്പെടുവിക്കേണ്ട സ്ഥാനത്താണ് പൊതുമരാമത്ത് വകുപ്പ് തന്നെ നടപടിക്രമങ്ങള്‍ പാലിക്കാതെയും മന്ത്രിസഭയുടെ അനുമതി തേടാതെയും ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്’
റവന്യൂ വകുപ്പ് മന്ത്രി. മിസ്റ്റര്‍ ചന്ദ്രശേഖരന്‍, നിങ്ങളുടെ വകുപ്പ് കൈയേറി ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരുമാസമായി. അത് സ്വന്തം സെക്രട്ടറിയെക്കൊണ്ട് തിരുത്തിക്കാന്‍ കാത്തിരിക്കുന്ന നിങ്ങള്‍ റവന്യൂവകുപ്പ് മന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യനാണോ എന്ന് സ്വയം തീരുമാനിക്കണം. ഇവിടെ നമ്മള്‍ കാണേണ്ട ഒരു കാര്യം ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് പരസ്പര വിശ്വാസം എന്നേ നഷ്ടമായി. എന്ത് കൂട്ടുത്തരവാദിത്തമാണ് ഈ മന്ത്രിമാര്‍ തമ്മില്‍ ഉള്ളത്. പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമി എന്ത് കൊണ്ട് പൊതുമേഖല സ്ഥാപനമായ ഐഒസി ക്ക് നല്‍കി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി കൊടുക്കാന്‍ 50 മാസമായി ഇല്ലാതിരുന്ന തിടുക്കം ഇപ്പോള്‍ കാട്ടിയത് എന്തിന്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗതീരുമാനമനുസരിച്ചാണെങ്കില്‍ മറ്റ് വകുപ്പ് മന്ത്രിമാരുടെ പ്രസക്തി എന്ത്. ആരാണ് മുഖ്യന്ത്രിക്ക് വളരെ വേണ്ടപ്പെട്ട ഈ 14 പേരെന്ന് അറിയാന്‍ ഈ സഭയ്ക്ക് അതിയായ താല്‍പര്യമുണ്ട്. ഈ ഭൂമികച്ചവടത്തിന് പിന്നില്‍ നാറുന്ന കോഴക്കഥകള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ പാട്ടാണ്. അത് നിങ്ങള്‍ക്ക് ഭൂഷണമായിരിക്കും പക്ഷേ കേരള പൊതുസമൂഹം ഇതോര്‍ത്ത് ലജ്ജിക്കുകയാണ്. കോടികളുടെ അഴിമതി കഥ പിന്നാപ്പുറത്ത് പാട്ടായികേള്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ഇറങ്ങിയ ഉത്തരവിനെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

Back to top button
error: