TRENDING

സുശാന്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍; പ്രതിപ്പട്ടികയില്‍ മൂവര്‍സംഘം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായമായ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത്. സുശാന്തിന്റെ സുഹൃത്ത് സുനില്‍ ശുക്ലയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. സുശാന്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രവര്‍ത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് സുനില്‍ ശുക്ല ആരോപിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യകണ്ണികളാണെന്നും ഇന്ദ്രജിത്ത് ചക്രവര്‍ത്തി നല്‍കിയിരുന്ന മരുന്നുകളാണ് റിയ വിഷാദരോഗത്തിനുളള ചികിത്സയെന്ന രീതിയില്‍ സുശാന്തിന് നല്‍കിയിരുന്നതെന്നും റിയ സുശാന്തിനെ വിട്ടുപോന്നിട്ടും സുശാന്ത് ഈ മരുന്നുകള്‍ ഉപയോഗിച്ചിരുന്നെന്നും ആരോ ബോധപൂര്‍വ്വം ഈ മരുന്നുകള്‍ വീണ്ടും നല്‍കിയതാണെന്നും സുനില്‍ ആരോപിച്ചു.

സുശാന്തിന് വിഷാദരോഗമോ മറ്റ് മാനസിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ജിമ്മില്‍ നിത്യവും കണ്ടുമുട്ടുമായിരുന്നു. സുശാന്തിനൊപ്പം അവസാനം വരെ ഒപ്പമുണ്ടായവര്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ അവസാന കാലഘട്ടത്തില്‍ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി ,പാചകക്കാരന്‍ നീരജ് സിങ്, മാനേജര്‍ ദീപേഷ് സാവന്ത് എന്നിവരാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്.

അതേസമയം സുശാന്ത് സിങ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സിബിഐ റിയ ചക്രവര്‍ത്തിയെ വൈകാതെ ചോദ്യം ചെയ്യും. നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി, പാചകക്കാരന്‍ നീരജ് സിങ് എന്നിവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ബാന്ദ്രയിലെ വസതിയില്‍ ഉണ്ടായിരുന്നവര്‍ ഇവരാണ്. മൃതദേഹം ആദ്യം കണ്ടത് സിദ്ധാര്‍ഥ് പിഥാനിയാണ്. സിദ്ധാര്‍ഥിനെയും നീരജിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഇവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിനെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇരുവരെയും സുശാന്തിന്റെ ഫ്‌ളാറ്റിലെത്തിച്ചും അന്വേഷണം നടത്തി. മരണത്തലേന്നു മുതലുളള സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചു പരിശോധിക്കാനാണ് സിബിഐയുടെ പുതിയ ശ്രമം.

Back to top button
error: