TRENDING

യൂട്യൂബില്‍ ബിടിഎസ് ‘ഡൈനാമൈറ്റ്’ തരംഗം; തകര്‍ത്തത് സര്‍വകാല റെക്കോര്‍ഡ്‌

ര്‍പ്പിള്‍ ഹൃദയങ്ങള്‍ കൈമാറി സ്‌നേഹംകൊണ്ട് ലോകം കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ബിടിഎസ്സ്‌നേക്കുറിച്ച് കേള്‍ക്കാത്തവരായി ആരുംതന്നെ കാണില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ബോയ് ബാന്‍ഡ് ആയ ഇവര്‍ ഇതിനോടകം നാല് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകളാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ഡൈനാമൈറ്റ് എന്ന പുതിയ സംഗീത വീഡിയോയിലൂടെ സംഗീതലോകത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇവര്‍. 24 മണിക്കൂറില്‍ നൂറു മില്യണ്‍കാഴ്ച്ചക്കാര്‍ എന്ന യൂട്യൂബ് അപ്‌ലോഡ് റെക്കോര്‍ഡ് ആണ് 100.1 മില്യണ്‍ കാഴ്ച്ചക്കാരെ നേടി ഡൈനാമൈറ്റ് സ്വന്തമാക്കിയത്. കൂടാതെ ഒരു സംഗീത വീഡിയോയുടെ പ്രീമിയര്‍ തന്നെ മുപ്പതുലക്ഷം പ്രേക്ഷകര്‍ തത്സമയം കണ്ടു എന്ന പുതിയ റെക്കോര്‍ഡും ഈ ഗാനം സൃഷ്ടിച്ചുവെന്ന് യുട്യൂബ് വക്താക്കള്‍ പറയുന്നു.

ഡൈനാമൈറ്റിനു മുന്‍പ് ‘ബ്ലാക്ക്പിങ്ക്’ ആണ് പ്രീമിയര്‍ ചെയ്തപ്പോള്‍ ഏറ്റവും അധികം ആളുകള്‍ കണ്ട പാട്ട്. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ‘ഡൈനാമൈറ്റ്’ തകര്‍ത്തത്. ഓഗസ്റ്റ് 20നു പ്രീമിയര്‍ ചെയ്ത വിഡിയോ ഇതിനോടകം തന്നെ 17 കോടിയില്‍ പരം ആളുകള്‍ കണ്ടു കഴിഞ്ഞു

2013 ജൂണ്‍ 13നാണ് ബിടിഎസ് ( ബാംഗ്താന്‍ സൊന്യോന്ദാന്‍ – ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്സ് എന്ന് അര്‍ഥം) എന്ന കൊറിയന്‍ പോപ്പ് ബാന്‍ഡ് ജനിക്കുന്നത്. സമ്പത്തിലും പ്രശസ്തിയിലും ആരും അധികം കേട്ടിട്ടില്ലാത്ത ബാംഗ് ഷിയുക്ക് നേതൃത്വം കൊടുക്കുന്ന ബിഗ് ഹിറ്റ് എന്ന എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ കീഴിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഏഴ് അംഗങ്ങളാണ് ബിടിഎസ്സില്‍: കിം നാംജൂന്‍ (നേതാവ്), കിം സോക്ജിന്‍, മിന്‍ യൂങ്കി, ജംഗ് ഹൊസൊക്, പാര്‍ക്ക് ജിമ്മിന്‍, കിം തേഹ്യുങ്, ജംഗ് ജംഗ്കൂക്ക്.

ബിടിഎസ്സിന്റെ ആരാധകര്‍ അറിയപ്പെടുന്നത് ആര്‍മി എന്നാണ്. ലിംഗ-വര്‍ഗ്ഗ-പ്രായഭേദമന്യേ ലോകമെമ്പാടും അവര്‍ക്ക് ആരാധകരുണ്ട്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരാധകര്‍ നടത്താറുമുണ്ട്. ബിടിഎസ്സിന് കിട്ടുന്ന എല്ലാ അവാര്‍ഡും അവര്‍ ആരാധകര്‍ക്കാണ് സമര്‍പ്പിക്കാറ്. വി ലൈവ് എന്ന ആപ്പ് ഉപയോഗിച്ചും ഓണ്‍ലൈന്‍ ഫാന്‍ കഫേയിലും അവര്‍ ആരാധകരോട് സംവദിക്കാറുമുണ്ട്.

കോവിഡ് വ്യാപനത്തോടെ സ്തംഭിച്ചു നില്‍ക്കുന്ന സംഗീത മേഖലയെയും കലാകാരന്മാരെയും ഉത്തേജിപ്പിക്കാനും സഹായിക്കാനുമായാണ് ബിടിഎസ് തങ്ങളുടെ ആല്‍ബത്തിലെ ‘ഡൈനാമൈറ്റ്’ എന്ന ഗാനം ഇപ്പോള്‍ പുറത്തിറക്കിയത്. ഈ പാട്ടിന്റെ ഇഡിഎം, അക്കുസ്റ്റിക് റീമിക്‌സുകള്‍ ഓഗസ്റ്റ് 24നു റിലീസ് ചെയ്യും. ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിടിഎസ്.

Back to top button
error: