TRENDING

കളിക്കളം കൈയ്യിലൊതുക്കി വിക്ടേഴ്‌സ് ചാനല്‍; ഫസ്റ്റ്‌ബെല്ലില്‍ അടുത്താഴ്ച കായിക വിനോദ ക്ലാസുകള്‍

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസ്സുകള്‍. ഫസ്റ്റ് ബെല്‍ പരിപാടിയിലൂടെ ടൈംടേബിള്‍ അനുസരിച്ചുളള ക്ലാസുകളാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ ക്ലാസുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കായിക വിനോദ ക്ലാസുകളും മാനസികാരോഗ്യ ക്ലാസുകളുമാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. കായിക വിനോദ ക്ലാസുകള്‍ അടുത്ത ആഴ്ചയും മാനസികാരോഗ്യക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരവുമായാണ് നടപ്പാക്കുക.

അതേസമയം, ഇതുവരെ 1500 ഡിജിറ്റല്‍ ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്തത്. പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ് -മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നു. യുട്യൂബ് ചാനലില്‍ 1.76 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ച്ചക്കാരുമുണ്ട്.

കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലില്‍ നിയന്ത്രിത പരസ്യങ്ങള്‍ അനുവദിച്ചതുവഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ആദ്യ വാല്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ മാത്രമേ സെപ്റ്റംബര്‍ വരെ സംപ്രേഷണം നടത്തുകയുള്ളൂ. നിലവില്‍ 8ാം ക്ലാസുകാര്‍ക്കായി സംപ്രേഷണം ചെയ്ത 8 എപ്പിസോഡുകള്‍ 2ാം വാല്യം പാഠപുസ്തകങ്ങളിലേതായതിനാല്‍ ഒക്ടോബറില്‍ പുനഃസംപ്രേഷണം ചെയ്യും. 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഫസ്റ്റ്‌ബെല്ലില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: