ലൈഫ് മിഷന്‍ പദ്ധതി രേഖകള്‍ പുറത്ത്; കരാറുകളില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറല്‍

തിരുവനന്തപുരം; വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച രേഖകള്‍ പുറത്ത്. കരാര്‍ ഒപ്പിട്ടത് റെഡ് ക്രസ്ന്റല്ല മറിച്ച് യുഎഇ കോണ്‍സുല്‍ ജനറലാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തായിരിക്കുന്നത്.

വടക്കാഞ്ചേരിയില്‍ വീടു നിര്‍മാണം സംബന്ധിച്ച് റെഡ് ക്രസന്റ് ലൈഫ് മിഷനെ സമീപിച്ചപ്പോള്‍ ആരാണോ ബില്‍ഡര്‍ അവരുമായി കരാര്‍ ഒപ്പിടാം എന്നാണ് പറഞ്ഞിരുന്നത്. ഈ ധാരണാപത്രം അനുസരിച്ച് കരാര്‍ വേണ്ടത് യൂണിടെകും റെഡ് ക്രസന്റും തമ്മിലാണ്. എന്നാല്‍ ഇവിടെ കരാര്‍ ഒപ്പിട്ടിരിക്കുന്നത് യുഎഇ കോണ്‍സുല്‍ ജനറലും റെഡ് ക്രസന്റും തമ്മിലാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു.

2019 ജൂലൈ 31 നാണ് ഈ കരാര്‍ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍പെട്ട സ്ഥലത്ത് 140 ഓളം പാര്‍പ്പിടസമുച്ചയം നിര്‍മിക്കാനുള്ളതാണ് കരാര്‍. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയം നിര്‍മിക്കാനാണ് ഉദ്ദേശിച്ചത്. ടെന്‍ഡര്‍ മുഖേനെയാണ് ഇതിലേക്ക് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാരറില്‍ പറയുന്നു.

70 ലക്ഷം യുഎഇ ദിര്‍ഹത്തിന്റെ കരാറാണ് യുണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്. എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിര്‍മാണത്തിനുള്ള കരാര്‍. ഈ കരാറിലും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോണ്‍സുല്‍ ജനറലാണ്. 30 ലക്ഷം ദിര്‍ഹത്തിന്റെതാണ് ഈ കരാര്‍. ഈ കമ്പനിയെയും ടെന്‍ഡറിലൂടെയാണ് തിരഞ്ഞെടുത്തതെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version