LIFE

കൈതി 2 വരും: ലോകേഷ് കനകരാജ്

മാനഗരം, കൈതി എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തമിഴ് സിനിമ ലോകത്തെ ഏറ്റവും വിലയേറിയ സംവിധായകനായിരിക്കുകയാണ് ലോകേഷ് കനകരാജ്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയ ലോകേഷ് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് നേടിയ വിജയമാണിത്. ബാങ്ക് ജിവനക്കാരനായി ജോലി ചെയ്തിരുന്ന സമയത്താണ് ഇതല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ് ജോലി രാജി വെച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങിത്തിരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളം എന്ന ഷോര്‍ട് ഫിലിം തയ്യാറാക്കിയാണ് ലോകേഷ് ആദ്യമായി സംവിധായ കുപ്പായമണിഞ്ഞത്. പിന്നീട് ആദ്യ സിനിമയായ മാനഗരം അണിയിച്ചൊരുക്കി. ഒരു രാത്രി ചെന്നൈ നഗരത്തില്‍ വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വന്ന് പെട്ട് പോവുന്ന കുറച്ചാളുകളുടെ കഥയാണ് മാനഗരം എന്ന ചിത്രം സംസാരിക്കുന്നത്. സാമ്പത്തികമായി ചിത്രം വിജയിക്കുകയും നിരൂപ പിന്തുണ നേടുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകേഷ രണ്ടാമത്തെ ചിത്രമായ കൈതി സംവിധാനം ചെയ്യുന്നത്. ഒരു രാത്രി കുറച്ചധികം പോലീസുദ്യോഗസ്ഥരെ രക്ഷിക്കുന്ന പ്രതിയുടെ കഥയാണ് കൈതി. ഒരു പേപ്പര്‍ വാര്‍ത്തയില്‍ നിന്നുമാണ് ലോകേഷ് ഈ ചിത്രത്തിന്റെ കഥ കണ്ടെത്തുന്നത്. കാര്‍ത്തിയെ നായകനാക്കി പുറത്തിറങ്ങിയ കൈതി 100 കോടി രൂപയോളം കളക്ട് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് ആരുടെയൊപ്പമാണ് സിനിമ ചെയ്യുന്നതെന്നത് തമിഴ് സിനിമ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഏവരേയും ഞെട്ടിച്ച് ദളപതി വിജയ് തന്നെ തന്റെ പിറന്നാള്‍ ദിനത്തില്‍ ആ വിവരം പുറത്ത് വിട്ടു. തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. അങ്ങനെ വിജയിയെ നായകനാക്കി ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രം മാസ്റ്റര്‍.

ആരാധകര്‍ ആവേശത്തോടെയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. വളരെ വേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോഴായിരുന്നു കോവിഡ് 19 വരുന്നത്. അതോടെ ചിത്രത്തിന്റെ റിലീസിംഗ് നീട്ടി വെക്കുകയായിരുന്നു. സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം സൂററൈ പോട്ര് ഒടിടി റിലീസിന് തയ്യാറെടുക്കമ്പോള്‍ ഏവരും സംശയത്തോടെ നോക്കിയത് മാസ്റ്ററിലേക്കായിരുന്നു. വിജയ്-ലോകേഷ് ചിത്രവും ഒടിടി റിലീസിംഗ് ആവുമോയെന്ന് ആരാധകര്‍ ഭയന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. കോവിഡ് പ്രശ്‌നങ്ങള്‍ അവസാനിച്ചതിനു ശേഷം മാസ്റ്റര്‍ തീയേറ്ററില്‍ തന്നെയെത്തുമെന്ന് ലോകേഷ് ആരാധകരെ അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യമാണ്. ഈയടുത്ത് ഒരു അവാര്‍ഡ് ഫങ്ഷന് കൈതി 2 എപ്പോ എത്തുമെന്ന അവതാരികയുടെ ചോദ്യത്തിന് കൈതി 2 ഉടന്‍ എത്തുമെന്നറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സംവിധായകന്റെ പ്രഖ്യാപനം. ഒന്നാം ഭാഗം അവസാനിക്കുന്നത് തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനകള്‍ ഇട്ടുകൊണ്ടാണ്. കാര്‍ത്തിയും ലോകേഷ് കനകരാജും കൈതി 2 വിനായി ഒന്നിക്കുമ്പോള്‍ ഒരു ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതിക്ഷിക്കുന്നില്ല.

Back to top button
error: