TRENDING

കള്ളൻ കപ്പലിൽ തന്നെ: സ്വർണ്ണക്കവർച്ച കെട്ടിച്ചമച്ച് ജ്വല്ലറി ഉടമ; സാമ്പത്തികത്തകർച്ചയിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രം

തൃശൂർ കൈപ്പമംഗലം മൂന്നുപീടികയിലാണ് വെളളിയാഴ്ച്ച രാത്രി വൻ മോഷണം നടന്നതായി പ്രചരിപ്പിക്കപ്പെട്ടത്. കടയുടമ തന്നെയാണത്രേ ഈ കവർച്ചാ നാടകം പ്ലാൻ ചെയ്തത്.

കടുത്ത സാമ്പത്തികത്തകർച്ചയെ അതിജീവിക്കാൻ സ്വയം മെനഞ്ഞ നാടകമായിരുന്നു ഇതെന്ന് ‘ഗോൾഡ് ഹാർട്ട്’ ജ്വല്ലറിയുടമ സലിം അന്വേഷ ഉദ്യോഗസ്ഥരോടു സമ്മതിച്ചു. മൂന്നേകാൽക്കിലോ സ്വർണ്ണവും അരക്കിലോ വെള്ളിയും ലോക്കർ തകർത്തു കവർന്നു എന്നായിരുന്നു ജ്വല്ലറിയുടമയുടെ ആദ്യ വിശദീകരണം. കടയുടെ ചുമർ തുരന്നാണ് കവർച്ച സംഘം അകത്തു കടന്ന തെന്നും അന്വേഷണ സംഘത്തെ വിശ്വസിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ കവർച്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ആദ്യം മുതൽക്കേ അസ്വാഭാവികത തോന്നി. ഒരാൾക്ക് നഴഞ്ഞു കയറാൻ ബുദ്ധിമുട്ടള്ള ചുവരിലെ ദ്വാരവും, ലോക്കർ തകർക്കപ്പെട്ടിരുന്നില്ല എന്നതും സംശയം ബലപ്പെടുത്തി.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജ്വല്ലറി ഉടമ സലീം സ്വർണ്ണക്കവർച്ച താൻ മെനഞ്ഞ തന്ത്രമാണ് എന്നു സമ്മതിച്ചത്. മാത്രമല്ല, മാർച്ചു മാസത്തിനു ശേഷം സ്വണ്ണവും മറ്റും ലോക്കറിൽ സൂക്ഷിക്കാറില്ലെന്നും, അതുകൊണ്ടു തന്നെ ലോക്കർ പൂട്ടാറില്ലെന്നും സലീം വെളിപ്പെടുത്തി. മാത്രമല്ല ഉണ്ടായിരുന്ന സ്റ്റോക്ക് കടം നൽകിയവർ എടുത്തു കൊണ്ടുപോയിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥരോടു അയാൾ പറഞ്ഞു.

എങ്കിലും, ജ്വല്ലറിയുടെ ചുമർ തുരന്നത് മറ്റാരോ ആണെന്നും, കവർച്ച ശ്രമം നടന്നിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് ഇപ്പോഴും മൂന്നുപീടികയിലെ ‘ഗോൾഡ് ഹാർട്ട്’ കടയുടമ സലിം.

Back to top button
error: