NEWS

കവിയൂർ കേസിലെ കാലവും ചരിത്രവും ,വേട്ടയാടിയവരും ഇരകളും


കവിയൂർ കേസിൽ തുടരന്വേഷണം സാധ്യമല്ലെന്നു കാട്ടി സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ദിവസമാണ് .വലിയ വിവാദമില്ലാതെ വാർത്തയില്ലാതെ ആ ദിനം കടന്നു പോയി .ഒരു കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത കേസിനെ ഇപ്പോൾ മാധ്യമങ്ങൾക്ക് വേണ്ടാതാവാൻ ഒരു കാരണമുണ്ട് .അതിൽ എരിവും പുളിയും ഇല്ല എന്നത് തന്നെ .

2004 സെപ്റ്റംബറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കവിയൂരിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു .ഇതിൽ മൂന്നു പേർ കുട്ടികളാണ് .ഇതിൽ തന്നെ പതിനഞ്ചുകാരി പീഡനത്തിന് ഇരയായതായി കണ്ടെത്തുന്നു .ഇനി അന്നുയർന്ന ആരോപണങ്ങൾ നോക്കാം .എല്ലാം മാധ്യമ വാർത്തകൾ ആണ് .

ഒന്നാമതായി പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വി ഐ പികൾ ഉണ്ട് .രണ്ടാമതായി സെക്സ് റാക്കറ്റിൽ അംഗമായ ലതാ നായർ പതിനഞ്ചുകാരിയെ പല വിഐപികൾക്കായി കാഴ്ചവച്ചു .മൂന്നാമതായി കേസും പുലിവാലും ഒഴിവാക്കാനായി തല്പര കക്ഷികൾ അഞ്ചു പേരെയും ഇല്ലാതാക്കി .ഇത്രയും മതി മാസങ്ങളോളം വാർത്തകൾ കൊണ്ട് പോകാൻ .സൂചന നൽകിയും പറയാതെയും വാർത്തകൾ കൃത്യമായി ചിലരെ ഉന്നം വെച്ചു .ചിലരെ മാത്രം .

കേസ് ഒടുവിൽ സിബിഐയുടെ കോർട്ടിലെത്തി .സിബിഐ കഴിഞ്ഞ ദിവസം തുടരന്വേഷണ സാധ്യത ഇല്ല എന്ന് കോടതിയെ അറിയിക്കുകയും ചെയ്തു .ഇനി സിബിഐയുടെ കണ്ടെത്തലുകൾ എന്തൊക്കെ ആണെന്ന് നോക്കാം .

പ്രധാനമായും സിബിഐ കണ്ടെത്തിയത് അഞ്ചു പേരിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തതും രണ്ടു പേർ കൊല്ലപ്പെട്ടതുമാണ് എന്നാണ് .അച്ഛനും അമ്മയും പതിനഞ്ചുകാരിയുമാണ് ആത്മഹത്യ ചെയ്തത് .മറ്റു രണ്ടു  കുട്ടികളെ അച്ഛൻ പാൽകഞ്ഞിയിൽ വിഷം ചേർത്ത് നൽകിയതിന് ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണ് .

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ,ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് .മരിക്കുന്നതിന് 72 മണിക്കൂർ മുമ്പും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് .ഡി എൻ എ സാമ്പിൾ അടക്കം വീണ്ടെടുക്കാൻ കഴിയാതെ പോയതോടെ പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നു സി ബി ഐക്ക് കണ്ടെത്താൻ ആയിട്ടില്ല .ഈ 72 മണിക്കൂറിനിടെ വീട്ടിൽ ഉണ്ടായിരുന്ന ഏക പുരുഷൻ അച്ഛനാണ് .

ലതാ നായർ പല വി ഐ പികൾക്ക് പെൺകുട്ടിയെ കാഴ്ച വച്ചു  എന്ന വാദം പൂർണമായും സി ബി ഐ  തള്ളികളയുന്നു .ഇത് സി ബി ഐ ലതാനായരെ നുണ പരിശോധനയ്ക്കു വിധേയയാക്കിയതിനു ശേഷം ഉറപ്പിച്ചതാണ് .

എങ്കിൽ എന്താണ് ആത്മഹത്യക്ക് കാരണം ?സി ബി ഐയുടെ വിശദീകരണം ഇങ്ങനെയാണ് .ലതാ നായരുമായുള്ള അടുപ്പത്തിന്റെ പേരിൽ കിളിരൂർ പീഡന കേസിൽ പോലീസ് അച്ഛനെ ചോദ്യം ചെയ്തിരുന്നു .ഇതിലെ നാണക്കേടാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിശദീകരണം .ഇത് തന്നെ ആയിരുന്നു സി ബി ഐയുടെ നേരത്തെയുള്ള കണ്ടെത്തലും .എന്നാൽ സി ബി ഐ കോടതി ഇത് അംഗീകരിച്ചില്ല .തുടരന്വേഷണത്തിന് ഉത്തരവിട്ടു .ഈ കേസിൽ സി ബി ഐ നൽകിയ അപ്പീലിൽ ആണ് തുടരന്വേഷണ സാധ്യത ഇല്ലെന്നു ഹൈക്കോടതിയെ അറിയിച്ചത് .

മറ്റൊരു മാധ്യമ ബോംബ് കൂടി പൊട്ടുകയാണ് ഇവിടെ .ചില പ്രത്യേക വ്യക്തികൾ കേസിന്റെ ഭാഗമാകണമെന്ന് ചിലർ നിശ്ചയിച്ചുറപ്പിച്ചിരുന്ന പോലെ .എന്നാൽ ആ ആരോപണങ്ങൾ ഒക്കെ സോപ്കുമിളകൾ പോലെ പൊട്ടുമ്പോൾ എന്താണ് വേട്ടയാടിയവർക്ക് ഇരകളോട് പറയാനുള്ളത് .

Back to top button
error: