NEWS

കോവിഡിനെ പ്രതിരോധിക്കാന്‍ കടല്‍പായല്‍; സിഐഎഫ്ടി ഗവേഷകരുടെ പഠനത്തിന് ഡബ്ലുഎച്ച്ഒ അംഗീകാരം

ലോകമെമ്പാടും പടര്‍ന്ന് പിടക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ശാസ്ത്രലോകം പരിശ്രമിക്കുന്നതിനിടയില്‍ പുതിയ പഠനവുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ സിഐഎഫ്ടി ഗവേഷകര്‍. മാത്രമല്ല ഇവരുടെ ഈ പഠനത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരവും ലഭിച്ചു.

കോവിഡിനെ പ്രതിരോധക്കാന്‍ ഫലപ്രദമായ ഇമ്യൂണോ തെറാപ്പിയായി കടല്‍പ്പായല്‍ നിര്‍ദേശിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പഠന റിപ്പോര്‍ട്ടാണ് ഡബ്ലുഎച്ച്ഒ അംഗീകരിച്ചത്.

കടല്‍ പായലില്‍ നിന്നുളള സള്‍ഫേറ്റഡ് പോളിസാക്രറൈഡുകള്‍ക്ക് കോവിഡിനെതിരെ രോഗപ്രതിരോധവും ചികിത്സാ പരിഹാരവും നല്‍കാന് കഴിയുമോ എന്നതായിരുന്നു പഠനം. ഗവേഷകരായ ആഷിക്.കെ., സുശീല മാത്യു, സി.എന്‍ രവിശങ്കര്‍ എന്നിവരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സമുദ്ര ആവാസവ്യവസ്ഥയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന കടല്‍പ്പായലിന്റെ ഡെറിവേറ്റീവുകള്‍ക്ക് ധാരാളം പോഷകഗുണങ്ങളുണ്ട്. ചുവപ്പ്, പച്ച കടല്‍പ്പായലുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നിരവധി പോളിസാക്രറൈഡുകള്‍ അതിന്റെ ആന്റിവൈറല്‍ സ്വഭാവസവിശേഷതകള്‍ക്കായി വിലയിരുത്തി. ഇതിന് ഹോസ്റ്റ് സെല്ലുകളിലേക്കുള്ള കൊറോണ വൈറസിന്റെ പ്രാരംഭ അറ്റാച്ചുമെന്റിനെ തടയാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലേക്കുള്ള വൈറല്‍ പ്രവേശനത്തെ ഫലപ്രദമായി തടയുന്നുണ്ടെന്നും ഗവേഷകര്‍ തെളിയിച്ചു.

ഈ പഠനത്തില്‍ നിന്ന് കോവിഡിനെതിരെ പോരാടാനുള്ള ശക്തമായ ഒരു തന്മാത്രയാണ് കടല്‍പ്പായലില്‍ നിന്നുള്ള സള്‍ഫേറ്റഡ് പോളിസാക്രൈഡ് എന്ന് വിലയിരുത്തുന്നു.

Back to top button
error: