TRENDING

നിയന്ത്രണങ്ങളോടെ സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേൽക്കാം

തിരുവനന്തപുരം: കോവിഡില്‍ മുങ്ങിപ്പോയ ഇത്തവണത്തെ ഓണം ജാഗ്രതയോടെ ആഘോഷിക്കണമെന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തം സൃഷ്ടിച്ച വിഷമങ്ങളില്‍ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയില്‍ യാതൊരു വിധ പാളിച്ചയ്ക്കും ഇടനല്‍കാതെ നമുക്ക് ഈ ഓണം ആഘോഷിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോകം മുഴുവന്‍ പടര്‍ന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ ഈ ഓണക്കാലം നമ്മില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്‌നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും ഓണാശംസകളും മുഖ്യമന്ത്രി നേര്‍ന്നു.

അതേസമയം, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും ഓണത്തെ ജാഗ്രതയോടെ വീട്ടില്‍ ആഘോഷിക്കണമെന്ന സന്ദേശവുമായി എത്തിയിരുന്നു. കൂടാതെ ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ടെന്ന ആരോഗ്യസന്ദേശവും മന്ത്രി നല്‍കി.

സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് നമ്മൾ മലയാളികൾ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേൽക്കാം.

നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഓണ നാളുകളിൽ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. അതിനു പുറമേ, സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം ത്വരിതഗതിയിലാക്കി. സുരക്ഷിതത്വം നിലനിർത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് വിപണി സജീവമാക്കി നിലനിർത്തുന്നു. വികസന പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുൻപോട്ടു കൊണ്ടു പോകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തളർച്ച ബാധിച്ച വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിനിടയിലും രോഗപ്രതിരോധമാർഗങ്ങളും ചികിത്സാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി മുൻപോട്ട് കൊണ്ടുപോകുന്നു.

ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണം. ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Back to top button
error: