NEWS

പോലീസിന്റെ മീൻ കച്ചവടം പരസ്യമായതോടെ സീറ്റു തെറിച്ചു

പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പൊലീസുകാർക്കെതിരെ നടപടി.
തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെയാണ് മീൻ വിറ്റതിന് നെയ്യാറ്റിൻകര എ.ആർ ക്യാംപിലേക്ക് മാറ്റിയത്. നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം വാർത്തയായതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട പ്രധാന എസ്.ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

കഠിനംകുളം കായലിൽ നിന്നും വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തി. ശേഷിച്ചവ വീട്ടിലേക്കും കൊണ്ടുപോയി. മാത്രമല്ല സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നുവത്രേ. എസ്.ഐയും എ.എസ്.ഐമാരും ചില സിവിൽപൊലീസ് ഓഫിസർമാരും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡി.ജി.പി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അന്വേഷണം.

Back to top button
error: