NEWS

ഓണക്കിറ്റ്;സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി:മുല്ലപ്പള്ളി

ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിനഷ്ടമായ സാധാരണ ജനങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാരാണ് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുതല്‍ മോഷ്ടിച്ചത്.വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആയിരം രൂപയുടെ സൗജന്യ ഓണക്കിറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുവദിച്ചത് വെറും 500 രൂപയുടെ കിറ്റാണ്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും ഉള്‍പ്പെടെ 11 ഇനം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാലതില്‍ 350 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്. പോരാത്തതിന് തൂക്കത്തിലും വലിയ വെട്ടിപ്പാണ്. ഗുണനിലവാരം ഉറപ്പാക്കിയില്ല. കിറ്റുകളില്‍ മാനുഫാക്ചറിംഗ്, പാക്കിംഗ് തീയതികള്‍ രേഖപ്പെടുത്തിയില്ല.പേരിന് ഓണക്കിറ്റ് നല്‍കിയെന്ന ക്രെഡിറ്റ് നേടാനുള്ള തത്രപ്പാടാണ് മുഖ്യമന്ത്രി നടത്തിയത്.ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത സര്‍ക്കാര്‍ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഓണക്കിറ്റിന്റെ മറവില്‍ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്.88 ലക്ഷം കാര്‍ഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കള്‍. ഒരു കിറ്റില്‍ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗണ്‍ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു. സൗജന്യ ഓണക്കിറ്റ് പരിധിയില്‍ അഗതി,അനാഥമന്ദിരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Back to top button
error: