NEWS

മുഖം മിനുക്കാൻ ഉമ്മൻ ചാണ്ടി ,ലക്‌ഷ്യം മുഖ്യമന്ത്രി പദം,നേതാക്കളെ നിയന്ത്രിക്കാൻ തൃശൂർ ആസ്ഥാനമായ പി ആർ ഏജൻസി ?

https://youtu.be/KTSABXY0AmQ

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചു വരാൻ ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടി .അടുത്ത  നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സാധ്യത മുന്നിൽ കണ്ടാണ് നീക്കം .തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി പദം തന്നെയാണ്  ലക്‌ഷ്യം .

കാലം മാറി .പഴയ രാഷ്ട്രീയ നീക്കങ്ങൾ മാത്രം പോരാ മുന്നോട്ട് വരാൻ .രാഷ്ട്രീയ നേതാക്കൾ  ജനങ്ങൾക്കിടയിലെ മൽസ്യം പോലാവണം എന്നതൊക്കെ പഴയ ചൊല്ലാകുകയാണ് പുതു കേരളത്തിൽ .
കോവിഡ് കാലം കാര്യങ്ങൾ എല്ലാം മാറ്റി മറിച്ചു .ഇനി പുതു സങ്കേതങ്ങൾ വേണം ജനങ്ങൾക്കിടയിലേക്കെത്താൻ .

രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കന്മാരെയും ഇപ്പോൾ സ്പുടം ചെയ്തെടുക്കുന്നത് പി ആർ ഏജൻസികൾ ആണ് .അത്തരമൊരു പി ആർ ഏജൻസിയുടെ സഹായം മുന്മുഖ്യമന്ത്രിക്കും ലഭിക്കുന്നുണ്ടെന്നാണ് വിവരം .പുതുതലമുറ ബാങ്കുമായി ബന്ധപ്പെട്ടും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ടും അല്ലാതെയും അറിയപ്പെടുന്ന ഒരു വ്യക്തി ആണ് ഈ സ്ഥാപനം നടത്തുന്നത് .ഒരു മുൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും ഈ സ്ഥാനാപനമുടമ പ്രവർത്തിച്ചിരുന്നു .

ഒരു മുൻ മാധ്യമപ്രവർത്തകൻ അടങ്ങുന്ന ഒരു സംഘം തന്നെ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട് .മുൻ മുഖ്യമന്ത്രിയുടെ പരിപാടികൾ ചാർട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഏജൻസി ഏറ്റെടുത്ത് കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അടുത്തിടെ മുൻമുഖ്യമന്ത്രി ചില സ്ഥലങ്ങൾ സന്ദർശിച്ചതും ഇതിന്റെ ഭാഗമായാണ് എന്ന് വിലയിരുത്തുന്നവരുമുണ്ട് .

സ്ഥാപനവുമായി മുൻ മുഖ്യമന്ത്രിക്ക് രേഖാമൂലമുള്ള കരാർ ഒന്നുമില്ല .മറ്റൊരു വിവാദത്തിന്റെ സാധ്യത ഇല്ലാതാക്കാൻ ആണിത് .എന്നാൽ കൃത്യമായ ആശയവിനിമയത്തിന് ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭരണത്തുടർച്ചക്ക് കാര്യമായ വിഘാതം എൽ ഡി എഫ് സർക്കാരിനുണ്ടാക്കി എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം .നിപയും പ്രളയവും നേരിട്ടതിനെ തുടർന്നുണ്ടായ ഇമേജ് സ്വപ്ന വിഷയത്തിൽ ഒഴുകിപ്പോയി എന്ന വിലയിരുത്തൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ ഉണ്ട് .

കോൺഗ്രസ്സ് ആഭ്യന്തര രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ഉണ്ടാകുമെന്നാണ് സൂചന .നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര ഒരുക്കങ്ങൾ പാർട്ടിയിൽ നടക്കുകയാണ് .ഗ്രൂപ്പുകളും സീറ്റുകൾക്കായി സജീവമാകുകയാണ് .

കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് ആരായിരുന്നാലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക ജയിച്ചു വരുന്ന എംഎൽഎമാർ ആണ് .എംഎൽഎമാരിൽ ഭൂരിപക്ഷം നിലവിലെ സാഹചര്യത്തിൽ എ വിഭാഗത്തിന് ആകാൻ തന്നെയാണ് സാധ്യത .സ്ഥാനാർഥി നിർണയത്തിൽ അടക്കം സ്വാധീനം ചെലുത്തി കൂടുതൽ എംഎൽഎമാർ തങ്ങളുടെ കൂടാരത്തിൽ എത്താനുള്ള നീക്കങ്ങൾ ആണ് ഗ്രൂപ്പുകൾ നടത്തുന്നത് .

നിലവിൽ കോൺഗ്രസിലെ ഏറ്റവും ജനകീയ നേതാവ് ഉമ്മൻ‌ചാണ്ടി തന്നെയാണെന്ന് എ ഗ്രൂപ് വിലയിരുത്തുന്നു .ഒരിടവേളക്ക് ശേഷം ഉമ്മൻ ചാണ്ടി വാർത്താസമ്മേളനങ്ങളിലും മറ്റും സജീവമാണ് താനും .സ്വാഭാവികമായ അവകാശവാദം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഉണ്ടെങ്കിലും ജയിച്ചു വരുന്ന എംഎൽഎമാരുടെ പിന്തുണയ്ക്ക് തന്നെയാണ് ഊന്നൽ .

മാത്രമല്ല ഐ ഗ്രൂപ്പിൽ നിലവിൽ വിള്ളൽ വന്നു കഴിഞ്ഞു .കെ മുരളീധരൻ രമേശ് ചെന്നിത്തലക്കൊപ്പം അല്ല .നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഹൈക്കമാൻഡ് പ്രതിനിധി കെ സി വേണുഗോപാലും രമേശുമായി അത്ര അടുപ്പത്തിൽ അല്ല എന്നാണ് ശ്രുതി .ഈ സാഹചര്യത്തിൽ എ ഗ്രൂപ്പിന്റെ സാധ്യത തെളിഞ്ഞു വരികയാണ് .എ ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഇപ്പോൾ ആന്റണി അല്ല .അത് ഉമ്മൻ ചാണ്ടി തന്നെയാണ് .

Back to top button
error: