കരുതലുമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓണം സ്‌ക്വാഡ്; ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

ത്തവണത്തെ ഓണത്തിന് വെല്ലുവിളി ഉയര്‍ത്തി നിലനില്‍ക്കുകയാണ് കോവിഡെന്ന മഹാമാരി. അതിനാല്‍ അതീവ ജാഗ്രതയോടെയാണ് സംസ്ഥാനം നീങ്ങുന്നത്.

മുന്‍കരുതലെന്നോണം സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുമായൊരു ഓണം സ്‌ക്വാഡുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്. ഓണം വിപണിയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇതിനെ സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പ്രത്യേകമായും പുറത്തുനിന്ന് വരുന്ന പാല്‍,മത്സ്യം,ഭക്ഷ്യഎണ്ണകള്‍ ,പഴം, പച്ചക്കറി എന്നിവ പരിശോധിക്കുന്നതിനാണ് ലാബുകള്‍ സജീകരിച്ചിരിക്കുന്നത്.

അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റികളായ അമരവിള, ആര്യാങ്കാവ്, കുമളി, വാളയാര്‍, മീനാക്ഷിപുരം,മഞ്ചേശ്വരം എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം ലഭ്യമാക്കുക.

കൂടാതെ വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍,റെസ്‌റ്റോറന്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ജീവനക്കാര്‍ തൊപ്പി,മാസ്‌ക് , ഇവ ധരിക്കുന്നുണ്ടോ എന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും പൊതുജനങ്ങള്‍ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കുന്നുണ്ടോ എന്നും ഇവര്‍ പരിശോധിക്കും. കൂടാതെ എല്ലാ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകളിലും സ്‌ക്വാഡ് പരിശോധന നടത്തും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രി നമ്പരില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഓണം പ്രമാണിച്ചുളള ഈ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 5വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version