പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണം :ബിനോയ്‌ വിശ്വം

തിരുവനന്തപുരം: പരിസ്ഥിതി ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണമെന്ന് സിപിഐ പാർലമെന്ററി പാർട്ടിനേതാവും ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നേരിട്ട് ബാധിക്കുന്ന വലിയവിഭാഗം ജനങ്ങൾ ഈ രണ്ടു ഭാഷകളും എഴുതാനോ വായിക്കാനോ അറിയാത്തവരാണ്. അതുകൊണ്ട് ഈ പ്രക്രിയയിൽ നിന്ന് അവർപുറത്താകാനിടയാകുമെന്ന് ബിനോയ് വിശ്വം കേന്ദ്ര വനം പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർക്ക് നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി.

കോടതിയുടെ ഇടപെടലുണ്ടായിട്ടും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന 22ഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പ്രസ്തുതഭാഷകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും ബന്ധപ്പെട്ട എല്ലാവരുമായുമുള്ള അഭിപ്രായ രൂപീകരണത്തിനായി ആദിവാസി മേഖലകളിൽ പ്രത്യേകിച്ച് പൊതുചർച്ച സംഘടിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version