NEWS

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

1. കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും എസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

2. മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

3. യുഎഇ കോണ്‍സുല്‍ ജനറല്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചെന്ന വാദവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, സ്വപ്നപ്രഭ സുരേഷ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇഡി വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഇഡി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

4. ദേശീയ ദുരിതാശ്വാസ നിധി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് മാറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കോവിഡിനെതിരെയുള്ള പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും പി എം കെയേഴ്‌സ് നിധിക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

5. വളരെ പ്രധാനപ്പെട്ട വ്യക്തിക്ക് മാപ്പ് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അത് മുന്‍ ദേശീയ സുരക്ഷ എജന്‍സി ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡനോ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിനോ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട ഒരാള്‍ക്ക് നാളെ മാപ്പു നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ട്രംപ്, ഫ്‌ലിനോ സ്‌നോഡനോ അല്ലെന്ന് പറയുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു.

6. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വപ്ന വിജയങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി അടുത്ത ട്വന്റി20 ലോകകപ്പിലും കളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ മുന്‍ താരം ശുഐബ് അക്തര്‍ രംഗത്ത്. അടുത്ത ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന സാഹചര്യത്തില്‍ ധോണിയെ കളിക്കളത്തില്‍ കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. ‘ബോല്‍വാസിം’ എന്ന യൂട്യൂബ് ചാനലിലാണ് ധോണിയെ അടുത്ത ട്വന്റി20 ലോകകപ്പിലും കളത്തില്‍ കാണാന്‍ അക്തര്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

7. ഇന്ത്യയില്‍ നിന്ന് ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ഹോങ്കോങ് ഭരണകൂടത്തിന്റെ താല്‍കാലിക നിരോധനം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രണ്ട് ആഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 14 ന് ഡല്‍ഹിയില്‍ നിന്നും ഹോങ്കോങിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നുളള നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

8. സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ മാത്രമല്ല സര്‍ക്കാരിലെ വേറെ ചില ഉന്നതര്‍ക്കും സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരമെന്നും ആരൊക്കെയാണ് ഈ ഉന്നതരെന്ന കാര്യം ജനമറിയണമെന്നും ശിവശങ്കര്‍ മാത്രമായിരുന്നു തെറ്റുകാരന്‍ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

9. മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വ്വീസിലെ ജോലികള്‍ ഇനി സംസ്ഥാനത്തുള്ളവര്‍ക്കു മാത്രമായി നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ജോലികളില്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

10. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലുവ മാര്‍ക്കറ്റ് വ്യാഴാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ മൊത്തവില്‍പനയണ് ആരംഭിക്കുക. ഞായാറാഴ്ച വരെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ചില്ലറ വില്‍പനയും ആരംഭിക്കാന്‍ ആലുവ എംഎല്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാനിച്ചു.

11. മുകേഷ് അംബാനിയെ മറികടന്ന് ലോക സമ്പന്നരില്‍ നാലമാനായി ടെസ് ല സിഇഒ ഇലോണ്‍ മസ്‌ക് . ബ്ലൂംബര്‍ഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഓഗസ്റ്റ് 17ന് ടെസ് ലയുടെ ഓഹരി വില 11ശതമാനം ഉയര്‍ന്നതോടെയാണ് അദ്ദേഹം നാലാം സ്ഥാനത്തെയ്ക്കുയര്‍ന്നത്. ഓഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി നിലവില്‍ ആറാംസ്ഥാനത്തായി. 78.8 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി.

12. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്‍പത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ജില്ലാ ജയിലിലെ 36 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 130 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ വരെ 477 പേര്‍ക്കാണ് പൂജപ്പുര ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്.

13. മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയാനും അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമം പുറത്തു വിട്ടു. സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവര്‍ത്തിയുടെ വാദങ്ങളെ പൊളിച്ചെഴുത്തുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങളെന്നും മുന്‍ മാനേജര്‍ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ മരണം ദിഷ സാലിയാന്റെ ദുരൂഹ മരണവുമായി ചേര്‍ത്തു വായിക്കാനുള്ള ബിഹാര്‍ പൊലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ മുംബൈ പൊലീസ് പ്രതിരോധം തീര്‍ക്കുമ്പോഴാണ് വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്.

14. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ ഡ്രീം ഇലവന്‍ സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഒരു വര്‍ഷത്തെ കരാര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ ഐപിഎല്ലിന്റെ സഹ സ്‌പോണ്‍സറാണ് ഡ്രീം ഇലവന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുക. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കുന്ന ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ടീമുകള്‍.

15. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ അറസ്റ്റില്‍. ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

16. കോവിഡിനെതിരെ നിലവിലുളള ഒരു മരുന്ന് കൂടി ഫലപ്രദമെന്ന് ഗവേഷകര്‍.
ബൈപോളാര്‍ ഡിസോര്‍ഡര്‍, കേള്‍വിക്കുറവ് എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന എബ്സെലന്‍ എന്ന മരുന്നാണ് കോവിഡിനെതിരെ ഫലപ്രദമെന്ന് ഗവേഷകര്‍ പറയുന്നത്. കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ എബ്സെലന്‍ മരുന്നിന് സാധിക്കുമെന്ന് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.

17. ഉത്തര്‍പ്രദേശിലെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുല്‍ ഗാര്‍ഗിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി ഇടപഴകിയവര്‍ എത്രയും വേഗം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 15 ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ എനിക്ക് കോവിഡ് നെഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാല്‍ ഇന്നലെ നടത്തിയ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

18. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം തന്റെ രാജിക്കത്ത് നല്‍കി. എഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് രാജി നല്‍കിയത്. 2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിരുന്നു.

19. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌നയ്ക്ക് ക്രിക്കറ്റ് താരം രോഹിത് ശര്‍മയെ ശുപാര്‍ശ ചെയ്തു. പരാലിമ്പിക് ഹൈജംപ് സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പാന്‍ തങ്കവേലു, ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ടേബിള്‍ ടെന്നിസ് താരം മാനിക ബാത്ര എന്നിവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശയുണ്ട്. പുരസ്‌കാര നിര്‍ണയ സമിതിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര കായികമന്ത്രാലയം അനുമതി നല്‍കുന്നതോടെ തീരുമാനം ഔദ്യോഗികമാകും. 29 താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരത്തിനും സമിതി ശുപാര്‍ശ ചെയ്തു. അതേസമയം, ഇവരില്‍ കേരളത്തില്‍ നിന്നുള്ള ആരുമില്ല. അത്ലറ്റിക്‌സ് താരം പി.യു ചിത്ര സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇടം പിടിച്ചില്ല.

20. കൊല്ലത്ത് നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതില്‍ 12 പേര്‍ കൊല്ലം ജില്ലക്കാരും ഒരാള്‍ തിരുവനന്തപുരം ജില്ലക്കാരനുമാണ്. അതേസമയം, ആണ്‍കുട്ടികളുടെ ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്ക് രോഗബാധയുണ്ട്. ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വീണ്ടും ആശങ്ക സൃഷ്ടിച്ച് ഒരു ക്ലസ്റ്റര്‍ തന്നെ രൂപപ്പെടുന്നത്.

Back to top button
error: