ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ 455 കോടിയുടെ വായ്പാ പദ്ധതി

കോവിഡ് 19 പശ്ചാത്തലത്തിൽ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാൻ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരിൽ നടപ്പാക്കുന്ന രണ്ടുതരത്തിൽ പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകർക്കും ടൂറിസം വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും. അഞ്ചു മാസത്തോളമായി നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എൽ.ബി.സി (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി) വിവിധ ബാങ്കുകൾ വഴി നിലവിലെ സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയിൽ ആദ്യത്തെ ഒരു വർഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ് സിഡിയായി നൽകും.

രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയാണ്. കേരള ബാങ്കുമായി ചേർന്നാണ് 100 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ഇരുപതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ കേരള ബാങ്ക് വായ്പ അനുവദിക്കും. ഒൻപതു ശതമാനമായിരിക്കും വായ്പയ്ക്കുള്ള പലിശ. ഈ പലിശയിൽ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികൾ അടച്ചാൽ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും.
നിലവിൽ ടൂറിസം സംരംഭങ്ങൾ ഉള്ളവർക്ക് പ്രവർത്തന മൂലധന ലോൺ എന്ന നിലയിലാണ് വായ്പകൾ അനുവദിക്കുന്നത്. 2500 ചെറുകിട സംരംഭകർക്ക് ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെയും, 2500 വൻകിട സംരംഭകർക്ക്  അഞ്ചു മുതൽ 25 ലക്ഷം രൂപ വരെയുമാണ് വായ്പ നൽകുന്നത്. ഇങ്ങനെ 5000 ടൂറിസം സംരംഭകർക്ക് വായ്പ നൽകുന്നതിന് വേണ്ടി 355 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version