TRENDING

വിശ്വ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ ഭാര്യ മെഴ്സിഡസ് അന്തരിച്ചു, വൈറൽ ആയി മലയാളിയുടെ കുറിപ്പ്

വിശ്വ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ ഭാര്യ മെഴ്സിഡസ് അന്തരിച്ചു.87 വയസായിരുന്നു. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ മാർക്വിസിനെ സഹായിച്ചത് മെഴ്സിഡസിന്റെ സാന്നിധ്യമാണ്. 2014ലാണ് മാർക്വിസ് മരണമടയുന്നത്. ഇരുവരുടെയും ബന്ധത്തെ കുറിച്ച് ഷിബു ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറൽ ആണ്.

ഷിബു ഗോപാലകൃഷ്ണന്റെ ഫേസ്ബുക് കുറിപ്പിലേക്ക് –

പതിനെട്ടാമത്തെ വയസ്സിലാണ് മാർക്വേസ് മെഴ്സിഡസിനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. അപ്പോൾ പതിമൂന്നുവയസായിരുന്നു മെഴ്സിഡസിന്റെ പ്രായം. അനുകൂലമായൊരു മറുപടി കിട്ടാൻ പിന്നെയും വൈകി. പത്തുവർഷങ്ങൾക്കു ശേഷം അവർ വിവാഹിതരായി. കൊളംബിയയിൽ നിന്നും മെക്സിക്കോയിലേക്കു വന്നു. കഷ്ടാരിഷ്ടതകൾ നിറഞ്ഞ പത്രപ്രവർത്തന ജീവിതത്തിനൊപ്പം മാർക്വേസ് ഒരു നോവൽ എഴുതാൻ ആരംഭിച്ചു. വീട്ടിലെ സാമ്പത്തികകാര്യങ്ങൾ അയാൾക്ക് അജ്ഞാതമായിരുന്നു. വീട്ടുടമയെയും പലചരക്കു കടക്കാരനെയും ബേക്കറിക്കാരനെയും എഴുത്തുമേശയിലേക്കെത്തിക്കാതെ മെഴ്‌സിഡസ് കുടുംബത്തിന്റെ സാമ്പത്തികകാര്യവകുപ്പു ഏറ്റെടുത്തു.

അർജന്റീനയിലെ പബ്ലിഷർക്ക് അയക്കാൻ 490 പേജുള്ള നോവലുമായി അവർ ഒരുമിച്ചാണ് പോസ്റ്റ് ഓഫീസിലേക്ക് പോയത്. എന്നാൽ അതുമുഴുവൻ അയക്കാൻ ആവശ്യമുള്ള 83 പെസോസ് അവരുടെ കൈയിൽ ഇല്ലായിരുന്നു. മാർക്വേസ് നോവൽ രണ്ടായി പകുത്തു ആദ്യത്തെ ഭാഗം കൈയിലുള്ള 45 പെസോസക്ക് അയച്ചുകൊടുത്തു. തിരിച്ചു വീട്ടിലെത്തിയ മെഴ്സിഡസാണ് രണ്ടാമത്തെ പകുതി അയക്കാനുള്ള പണം കണ്ടെത്തിയത്. ഒരു ഹീറ്ററും, ഹെയർ ഡ്രയറും, ബ്ലെൻഡറും അവർ വേണ്ടെന്നുവച്ചു. അങ്ങനെയാണ് നോവൽ മുഴുവനായും പ്രസാധകരുടെ കൈയിലെത്തുന്നത്. ആ നോവലാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ. ഈ പുസ്തകത്തേക്കാൾ സ്പാനിഷിൽ വിറ്റഴിഞ്ഞ ഒരേയൊരു പുസ്തകമേ ഉള്ളൂ, ബൈബിൾ.

മെഴ്‌സിഡസ് ബാർഷയെ ഇപ്പോൾ ഓർമ്മിക്കാൻ ഒരു കാരണമുണ്ട്, അവർ ഇന്നലെ മരിച്ചു, അവരുടെ വൈധവ്യം അവസാനിച്ചു. മെക്സിക്കോ സിറ്റിയിലാണ് ഗബ്രിയേൽ ഗാർഷ്യ മാർക്വേസ് ഇല്ലാത്ത ആറുവർഷങ്ങൾ അവർ ജീവിച്ചത്. ഏകാന്തതയുടെ ആറു വർഷങ്ങൾ. 56 വർഷത്തെ എഴുത്തുജീവിതത്തിനും ദാമ്പത്യജീവിതത്തിനും ശേഷം മാർക്വേസ് മടങ്ങിയ 87മത്തെ വയസ്സിൽ മെഴ്‌സിഡസും മടങ്ങുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു എഴുത്തുകാരന്റെ സർഗാത്മകജീവിതത്തിനു വലംകൈയായിരുന്ന മെഴ്സിഡസിനു വിദൂരാഭിവാദ്യങ്ങൾ.

അവർ വീണ്ടും ഒന്നിച്ചിരിക്കുന്നു ❤️

https://m.facebook.com/story.php?story_fbid=3304252739667190&id=100002474909193

Back to top button
error: