NEWS

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണംകൂടി, പത്തനംതിട്ട, എറണാകുളം,കോഴിക്കോട് സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട, എറണാകുളം,കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായര്‍ (80) ആണ് മരിച്ചത്. എറണാകുളത്ത് ആലുവ തായിക്കാട്ടുകര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബാലുശേരി വട്ടോളി സ്വദേശിയും വടകര എസ്പി ഓഫിസിലെ ജീവനക്കാരനുമായ ഷൈന്‍ ബാബു (47), മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. മരിച്ച ഷൈന്‍ ബാബു പ്രമേഹ രോഗിയും സുലു അര്‍ബുദ രോഗിയുമായിരുന്നു.

അതേസമയം, ക്ലസ്റ്ററുകള്‍ക്ക് പുറത്ത് കോവിഡ് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. പൊലീസുകാര്‍ , ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി രോഗ സാധ്യത ഉള്ളവരില്‍ നടത്തിയ കഴിഞ്ഞ രണ്ടുമാസത്തെ സെന്റിനല്‍ സര്‍വയലന്‍സ് റിപ്പോര്‍ട്ടിലാണ് ആശാവഹമായ വിവരം. എന്നാല്‍ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ട്രെക്ക് ഡ്രൈവര്‍മാരുമായി ബന്ധപ്പെടുന്നവരിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധ ഉയരുന്ന സൂചന ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലദോഷപ്പനിക്കോ ശ്വാസകോശരോഗങ്ങളുമായോ ചികിത്സ തേടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസുകാര്‍, കച്ചവടക്കാര്‍ അതിഥി തൊഴിലാളികള്‍ തുടങ്ങിയവരില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍. ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് വളരെ ചെറിയ അളവില്‍ മാത്രമേ രോഗവ്യാപനം ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ജൂണില്‍ ജലദോഷപ്പനിക്ക് ചികിത്സ തേടിയവരില്‍ 3810 പേരെ പരിശോധിച്ചതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് പോസിറ്റീവ് ആയത്. അഞ്ചുപേരും പൊന്നാനി താലൂക്കില്‍ നിന്നുള്ളവരാണ് .

ജൂലൈയില്‍ ജലദോഷപ്പനിക്കാരില്‍ 7805 പേരെ പരിശോധിച്ചതില്‍ ആറ് പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. മുന്‍ഗണന വിഭാഗങ്ങളില്‍ എല്ലാം കൂടി ജൂണില്‍ 38 പേരിലും ജൂലൈ 205 പേരിലുമാണ് കോവിഡ് കണ്ടെത്തിയത്. ഏപ്രില്‍ മാസത്തിലെ പോസിറ്റിവിറ്റി റേറ്റ് 0.1 ആയിരുന്നെങ്കില്‍ ജൂലൈയില്‍ അത് 0.59 ശതമാനമായി മാത്രമേ വര്‍ധിച്ചിട്ടുള്ളു. ജൂണില്‍ 17079 പേരെയും ജൂലൈയില്‍ 35038 പേരെയും പരിശോധിച്ചു. 35 ശതമാനം പേര്‍ക്കും ലക്ഷണങ്ങളും ഉണ്ടായിരുന്നു.

വിദേശത്തു നിന്നെത്തിയ കോവിഡ് പോസിറ്റീവായവരുടെ സഹയാത്രികരും ലക്ഷണങ്ങള്‍ ഇല്ലാതെ മടങ്ങിയെത്തിവരിലും നടത്തിയ പരിശോധനയിലും രോഗവ്യാപനം തീവ്രമല്ലെന്നാണ് കണ്ടെത്തല്‍ . പുറത്തുനിന്നെത്തിയവരില്‍ 41730 പേരെ പരിശോധിച്ചതില്‍ 1313 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പൊന്നാനി ഉള്‍പ്പെടെ ക്ലസ്സ്റ്ററുകള്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിച്ചതും സെന്റിനല്‍ സര്‍വയലന്‍സ് ആണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

Back to top button
error: