NEWS

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളി

ദുരന്തബാധിത പ്രദേശം മുല്ലപ്പള്ളിയും കൊടിക്കുന്നേലും സന്ദർശിച്ചു
മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത് ന്യായമായ മനുഷ്യത്വപരമായ ആവശ്യമാണ്.

പെട്ടിമുടിയിലെ ഉരുൾപ്പൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം തോട്ടം തൊഴിലാളികളെ നിരാശപ്പെടുത്തി. ദുരിതബാധിതർക്ക് വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാതെ, കണ്ണൻ ദേവൻ കമ്പനിയുടെ പി ആർ ഒ യെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.ദുരന്ത നിവാരണ നിയമത്തിൻ്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടാതെ മരിച്ച എല്ലാവർക്കും 10 ലക്ഷം രൂപ വീതം നൽകണം. മുഖ്യമന്ത്രിയിൽ നിന്നും നല്ല വാർത്തകൾ കേൾക്കാതെ വന്നതോടെ തോട്ടം തൊഴിലാളികളിൽ വലിയ അമർഷമുണ്ട്. അവരെ കാണാനും കേൾക്കാനും മുഖ്യമന്ത്രി തയ്യാറായുമില്ല.
തോട്ടം മേഖലകളുടെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ഈ സർക്കാരിനാണ് റിപ്പോർട്ട് നൽകിയത്. അതിലെ ശിപാർശ പ്രകാശം പഴക്കം ചെന്ന തൊഴിലാളി ലയങ്ങൾ രണ്ട് കിടപ്പ് മുറികളോട് കൂടി പുനർ നിർമ്മിക്കണം. ജീർണിച്ച ലയങ്ങളിലാണ് പാവപ്പെട്ട തോട്ടം തൊഴിലാളികൾ താമസിക്കുന്നത്. ഒരു അപകട സൂചനയും ഇല്ലാതിരുന്ന പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയതോടെ, മറ്റ് എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഭീതിയോടെയാണ് പഴക്കം ചെന്ന ലയങ്ങളിൽ കഴിയുന്നത് – മുല്ലപ്പള്ളി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങളിലും തെരച്ചിലിലും ഏർപ്പെട്ടിട്ടുള്ള വിവിധ സേനാംഗങ്ങൾക്ക് വിശ്രമം നൽകുകയും പുതിയ സംഘങ്ങളെ നിയോഗിക്കുകയും വേണം. ഉരുൾപ്പൊട്ടൽ വാർത്ത പുറത്ത് വന്ന അന്ന് എത്തിയവരാണ് ഇവർ.വിശ്രമമില്ലാതെയാണ് രക്ഷാ, തെരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നേൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ, കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, മുൻ ഡിസിസി പ്രസിഡൻറുമാരായ ഇ.എം.ആഗസ്തി, ജോയ് തോമസ്‌, മുൻ എംഎൽഎ എ കെ മണി, സി പി മാത്യു, എസ്.അശോകൻ, ജി.മുനിയാണ്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കടലാർ എസ്റ്റേറ്റ് തൊഴിലാളികൾ സംഘടിപ്പിച്ച മെഴുതിരി കത്തിക്കൽ ചടങ്ങിലും മുല്ലപ്പള്ളിയും സംഘവും സംബന്ധിച്ചു.

Back to top button
error: