NEWS

കോവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീരദേശത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ്ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ ക്രമസമാധാനവിഭാഗം എഡിജിപിക്കും ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിക്കും നല്‍കണം. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സ്യബന്ധനവും വിപണനവും നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തും.

തീരദേശ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രമസമാധാനവിഭാഗം എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിയെ ചുമതലപ്പെടുത്തി.

Back to top button
error: