NEWS

ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി വസുന്ധര രാജെ ,സച്ചിൻ പൈലറ്റിൽ നിന്ന് രണ്ടാം സ്ഥാനം തട്ടിയെടുത്ത് അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാൻ കോൺഗ്രസിൽ ഒടുവിൽ വെടിനിർത്തൽ വന്നെത്തി .തന്റെ എംഎൽഎമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കഴിഞ്ഞു പോയ സംഭവങ്ങളിൽ പശ്ചാത്താപം ഇല്ലെന്നു സച്ചിൻ പൈലറ്റും വ്യക്തമാക്കി .എന്നാൽ ഒരു കാര്യം അശോക് ഗെഹ്‌ലോട്ട് തറപ്പിച്ചു പറഞ്ഞു ,തന്റെ മന്ത്രിസഭ കാലാവധി പൂർത്തിയാകും .

തീ കെട്ടടങ്ങിയപ്പോൾ ഒരു ചോദ്യം ബാക്കിയായി .ആരാണ് ഈ ഓട്ട മത്സരത്തിൽ ജയിച്ചത് ഗെഹ്‌ലോട്ടോ സച്ചിനോ അതോ ബിജെപി മുന്മുഖ്യമന്ത്രി വസുന്ധര രാജെയോ ?രാഷ്ട്രീയ വിദഗ്ധർ ഒന്നടങ്കം പറയുന്നു അത് രാജെ തന്നെ എന്ന് .

ഗെഹ്‌ലോട്ടും സച്ചിനും പഞ്ച ഗുസ്തി മത്സരം നടത്തുമ്പോൾ അപ്പുറത്ത് ബിജെപി കേന്ദ്ര നേതൃത്വവുമായി ഒരു വലിയ യുദ്ധം നടത്തുകയായിരുന്നു രാജെ .72 ബിജെപി എംഎൽഎമാരിൽ പകുതിയിലധികം പേരെ രാജെ സ്വന്തം പക്ഷത്ത് അണിനിരത്തി കേന്ദ്ര നേതൃത്വവുമായി വിലപേശി .

“കോൺഗ്രസിലെ ഈ പ്രതിസന്ധികളിൽ രാജെയുടെ പ്രതികരണം ശ്രദ്ധിക്കുക .രാജസ്ഥാനിൽ രാജെ ബിജെപിക്കെന്താണ് എന്ന് കാണിച്ചു കൊടുക്കുകയായിരുന്നു അവർ .”രാഷ്ട്രീയ വിദഗ്ധൻ നാരായൺ ബാരേത്ത് പറയുന്നു .”രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താൻ കേന്ദ്ര നേതൃത്വം തലപുകഞ്ഞാലോചിക്കുമ്പോൾ അവർക്ക് ഒറ്റ ഭയമേ ഉണ്ടായിരുന്നുള്ളു രാജെ പക്ഷത്തെ എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമോ എന്ന് .ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെ വലിച്ചിടാൻ തങ്ങൾ ഇല്ലെന്നു ചില ബിജെപി എംഎൽഎമാർ പരസ്യമായി പ്രഖ്യാപിക്കുകയും ഉണ്ടായി .”നാരായൺ ബാരേത്ത് കൂട്ടിച്ചേർത്തു .

അതേസമയം രാജെയുടെ എതിരാളിയും മുഖ്യമന്ത്രി പദത്തിൽ കണ്ണുള്ള ആൾ എന്ന് വിമർശകർ പറയുന്ന കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷേക്കാവത്തിന്റേതായി പുറത്ത് വന്ന ഓഡിയോ ക്ലിപ്പും രാജെയുടെ നീക്കങ്ങൾക്ക് സഹായകരമായി .സർക്കാരിനെ വലിച്ചിടാനുള്ള നീക്കം വെളിപ്പെടുത്തുന്ന ശബ്ദരേഖ ഗജേന്ദ്ര സിങ് ഷേക്കാവത്തിനു ആത്മഹത്യാപരമായി പോയെന്നു നാരായൺ ബാരേത്ത് പറയുന്നു .

ഗെഹ്‌ലോട്ടും സച്ചിനും തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ ഗെഹ്‌ലോട്ട് ആണ് വിജയി .പാർട്ടിക്കകത്തും പുറത്തും വിശ്വാസരാഹിത്യമാണ് സച്ചിന് ഈ കൊട്ടാരവിപ്ലവം സമ്മാനിച്ചത് .കോൺഗ്രസിനുള്ളിലും ബിജെപിക്കുള്ളിലും സച്ചിനെതിരെ മുറുമുറുപ്പുകൾ ഉണ്ട് .എന്നാൽ ശ്യാം സുന്ദർ ശർമയെ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് സച്ചിൻ പൈലറ്റിനെ എഴുതി തള്ളാറായിട്ടില്ലെന്നാണ് .സച്ചിൻ ശക്തിമാനാണോ എന്നറിയാൻ രണ്ടു കാര്യങ്ങൾ നടക്കേണ്ടതുണ്ട് .ഒന്ന്,വാഗ്ദാനം ചെയ്യപ്പെട്ട മന്ത്രിസഭാ പുനഃസംഘടന .രണ്ടു തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് .

ഒരു പാർട്ടി എംഎൽഎ പോലും തന്നെ വിട്ടു പോയിട്ടില്ലെന്നാണ് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞത് .തന്റെ സർക്കാരിനെ താഴെ വീഴ്ത്താൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകുമെന്നു അദ്ദേഹത്തിനറിയാം .താൻ കാലാവധി പൂർത്തിയാക്കുമെന്നും ബിജെപിയുടെ കുതിരക്കച്ചവട ശ്രമം 2023 ൽ തനിക്ക് തുണയാകുമെന്നും ഗെഹ്‌ലോട്ട് പറയുമ്പോൾ ഒരു കാര്യം വ്യക്തമാണ് ഇനിയുള്ള ദിവസങ്ങളുംരാജസ്ഥാൻ രാഷ്ട്രീയം കലങ്ങി മറിയും .

Back to top button
error: