NEWS

സച്ചിൻ പൈലറ്റ് കടുപിടുത്തം ഒഴിവാക്കി കോൺഗ്രസിനോട് അടുക്കാൻ കാരണങ്ങൾ ഇതൊക്കെയാണ്

രാജസ്ഥാനിലെ കോൺഗ്രസ്സ് ആഭ്യന്തര കലഹം അവസാനിക്കുകയാണ് .സച്ചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ചർച്ച ഫലം കണ്ടെന്നാണ് സൂചന .വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി സച്ചിൻ വിഭാഗം വോട്ടു ചെയ്യുമെന്നാണ് വിവരം .രണ്ടു മണിക്കൂറാണ് സച്ചിനുമായി പ്രിയങ്കയും രാഹുലും ചർച്ച നടത്തിയത് .സച്ചിൻ ക്യാമ്പ് ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ഹൈക്കമാൻഡ് പരിശോധിക്കുമെന്നു ഇരുവരും ഉറപ്പ് നൽകി .

രാഹുലിന്റെയും പ്രിയങ്കയുടെയും ഇടപെടലുകൾക്കൊപ്പം കോൺഗ്രസ്സ് ക്യാമ്പിൽ തിരിച്ചെത്താൻ സച്ചിൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകങ്ങൾ ഇവയാണ് .സച്ചിൻ പൈലറ്റിനൊപ്പം 19 എംഎൽഎമാരും മൂന്ന് സ്വാതന്ത്രന്മാരുമാണ് ഉള്ളത് .അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ഈ സംഖ്യ പോരാ .ചില എംഎൽഎമാർ തന്നെ ചതിച്ച് അശോക് ഗെഹ്‌ലോട്ട് ക്യാമ്പിലേക്ക് ചേക്കേറിയതും സച്ചിന് തിരിച്ചടിയായി .

ബി എസ് പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നതേ ഉള്ളൂ .സുപ്രീം കോടതിയിലും കേസുണ്ട് .അപ്പോൾ ഓഗസ്റ്റ് പതിനേഴിനകം കേസിൽ വിധിയുണ്ടാവില്ല .

ബിജെപിക്കുള്ളിൽ വസുന്ധര രാജെ നടത്തുന്ന നീക്കത്തിലും സച്ചിന് സംശയം ഉണ്ട് .ബിജെപി എംഎൽഎമാരിൽ ചിലർ ഗെഹ്‌ലോട്ട് സർക്കാരിന് വോട്ട് ചെയ്യുമോ എന്ന് സച്ചിൻ സംശയിക്കുന്നു .

ബിജെപിയിൽ ചേരാൻ സച്ചിൻ ആഗ്രഹിക്കുന്നില്ല .സ്വന്തമായി പാർട്ടി രൂപീകരിക്കുന്ന കാര്യത്തിലും സച്ചിന് സംശയം ഉണ്ടായി .

കലാപക്കൊടി ഉയർത്തിയിട്ടും സോണിയയോ രാഹുലോ പ്രിയങ്കയോ സച്ചിനെ കുറ്റപ്പെടുത്തിയില്ല .മാത്രമല്ല അണിയറയിൽ സച്ചിനെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ടായിരുന്നു .

കുട്ടിക്കാലം മുതൽ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമാണ് സച്ചിനുള്ളത് .അതുകൊണ്ടു തന്നെ ഈ കൂടിക്കാഴ്ച വളരെയേറെ വൈകാരികമായിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന .

Back to top button
error: