NEWS

സോണിയ ഗാന്ധിയുടെ താൽക്കാലിക അധ്യക്ഷ പദവിയുടെ ഒന്നാം വാർഷിക ദിനം , കോൺഗ്രസ് രാഹുൽ ഗാന്ധിക്കായി കാത്തിരിക്കുമ്പോൾ

കഴിഞ്ഞ ഓഗസ്റ്റ് 10 നു കോൺഗ്രസ്സ് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയുടെ ആ നിർദേശം തള്ളിക്കളഞ്ഞു .കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു പോകുമ്പോൾ ഗാന്ധി കുടുംബത്തിലെ ആരെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നു രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു .ആ നിർദേശം കോൺഗ്രസ് പ്രവർത്തക സമിതി നിരാകരിച്ചു .സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി .

ദീർഘ കാലം പാർട്ടിയെ നയിച്ചതിന്റെ ക്ഷീണത്തിൽ ആയിരുന്നു സോണിയ ഗാന്ധി.ആരോഗ്യവും മോശം .സ്ഥിരം അധ്യക്ഷ പദവി എന്നത് തിരുത്തി താൽക്കാലിക അധ്യക്ഷ പദവി എന്ന് പ്രവർത്തക സമിതിയിൽ പറഞ്ഞത് സോണിയ ഗാന്ധി തന്നെയാണ് .

ഒരു പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ഇതിനകം തെരഞ്ഞെടുക്കണമായിരുന്നു .എന്നാൽ അതിനു സാധിച്ചില്ല .സോണിയ ഗാന്ധി എത്ര നാൾ തുടരും എന്നതിന് രാഹുൽ മനസ് മാറും വരെ എന്നാണ് കോൺഗ്രസിനകത്ത് നിന്നുള്ള ഉത്തരം .

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞത് .രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു കിടക്കരുത് എന്നത് കൊണ്ടാണ് സോണിയ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു .

നേരത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു .ആവശ്യമില്ലാത്ത സമ്മർദ്ദം സോണിയ ഗാന്ധിക്ക് നൽകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു .എന്നാൽ ആരാകും സോണിയ ഗാന്ധിയുടെ പിൻഗാമി എന്ന ചോദ്യം അനാഥമായി കിടക്കുന്നു .

പാർട്ടിയിൽ ശക്തമായി ജനാധിപത്യം കൊണ്ട് വരാൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നുവെന്നു പാർട്ടി നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട് .കോൺഗ്രസിന്റെ ഉന്നത അധികാര സമിതിയിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയാണ് രാഹുൽ ഗാന്ധി .എന്നാൽ ഇപ്പോഴും പാർട്ടിയിലെ ഏറ്റവും സ്വാധീനം ഉള്ള നേതാവ് അദ്ദേഹമാണ് .ഇപ്പോൾ രാജസ്ഥാനിലെ പ്രതിസന്ധി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതും അദ്ദേഹം തന്നെ .ഒരു കാര്യം വ്യക്തമാണ് കോൺഗ്രസ്സ് രാഹുൽ ഗാന്ധിക്കായി കാത്തിരിക്കുകയാണ് .

Back to top button
error: