NEWS

രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി

കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമാണ് രാമക്ഷേത്ര നിര്‍മാണത്തിലെ അവരുടെ  ഇപ്പോഴത്തെ സമീപനമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാമക്ഷേത്രത്തിന് ശിലയിട്ട് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രനര്‍മാണത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ  മതനിരപേക്ഷ സ്വഭാവത്തിന്റെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു

 ക്ഷേത്രനിര്‍മാണം ട്രസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നിര്‍മാണത്തിന് ശിലയിട്ടത്. ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അപകടമാണ്.ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുകയാണ് ഇപ്പോഴത്തെ നടപടി വഴി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബിജെപിയുടെ സമീപനത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്നില്ല.  രാമന്റെ പേരില്‍ ക്ഷേത്രനിനിര്‍മാണത്തിന് എതിരല്ല. എന്നാലത്, മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുക, അതിനുള്ള ചുമതല സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുക എന്നതാണ് പ്രശ്‌നം.

ഇതനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അവരുടെ മൃദുഹിന്ദുത്വ സമീപനമാണത്. കോണ്‍ഗ്രസ് ആദ്യം മുതല്‍  ഈ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. രാജീവ് ഗാന്ധി മുതലുള്ളവര്‍ ഇത്തരം നിലപാടെടുത്തു. ശിലാന്യാസത്തിന് വിഎച്പിക്ക് അനുതി കൊടുത്തത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. നെഹ്‌റുവിന്റെ പാരമ്പര്യം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ധീരമായ നിലപാട് സ്വീകരിച്ച പാരമ്പര്യം കോണ്‍ഗ്രസിനുണ്ടായിരുന്നു. മതനിരപേക്ഷ സ്വഭാവം കോണ്‍ഗ്രസ് വിസ്മരിച്ചതിന്റെ ഭാഗമാണ് അയോധ്യയില്‍ ശിലയിട്ട ദിവസം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കോണ്‍ഗ്രസുകാര്‍ ഭൂമി പൂജ സംഘടിപ്പിച്ചത്.

 കമല്‍നാഥ് വെള്ളി ഇഷ്ടികയാണ് സംഭാവന ചെയ്യാന്‍ തയ്യാറായത്. ദിഗ് വിജയ് സിംഗും കമല്‍നാഥും പരസ്യമായി നടപടിയെ അനുകൂലിച്ച് രംഗത്തെത്തി. പ്രിയങ്കയും രാഹുലും പിന്നീട് അനുകൂലിച്ചു. കേരളത്തിലെ കോണ്‍ഗ്രസും ഇതിന് അനുകൂലമായി പ്രതികരിച്ചു. രാവിലെ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരുണ്ടെന്ന് എകെ ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്.  പട്ടേലിന് വിധേയമായി കോണ്‍ഗ്രസില്‍ ആര്‍എസ്എസുകാരെ ചേര്‍ക്കാന്‍ 1949ല്‍ തീരുമാനിച്ചു. ഇത്തരം നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

കേരളത്തിലും ഈ രണ്ട് കൂട്ടരും ഒത്തുകളിക്കുന്നു. ഇതിന് കാരണം രണ്ട് നേതൃത്വവും ഉദാരവത്കരണത്തെ അനുകൂലിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഇവര്‍ ബോധപൂര്‍വം യോജിച്ച് പ്രവര്‍ത്തിക്കുന്നു. രണ്ട് കൂട്ടരുടേയും വര്‍ഗതാല്‍പര്യമാണിത്. സംസ്ഥാന കമ്മറ്റി ഇത് വിശദമായി പരിശോധിച്ചു. ഉദാരവത്കരണത്തിന് ബദലായ നിലപാടാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എപ്പോള്‍ കമ്യൂണിസ്റ്റ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു അപ്പോള്‍ ധനികവര്‍ഗം സര്‍ക്കാരിനെതിരെ ഒന്നിച്ചിട്ടുണ്ട്.  

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ യാതൊരു അലംഭാവവുമുണ്ടാകാന്‍ പാടില്ലെന്ന് എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം കൊടുക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും കോടിയേരി വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടു എന്നത് ഗൗരവമായി കാണണം. അതിനാല്‍ ജനങ്ങളെ ബോധവത്കരിക്കും. എല്ലായിടത്തും ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കണം. തദ്ദേശ സ്ഥാപനത്തില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കണം; കോടിയേരി വിശദീകരിച്ചു

 ധാതുസമ്പത്ത് പോലും കേന്ദ്രം സ്വകാര്യമേഖലക്ക് കൈമാറുന്നു. വിമാനത്താവളവും റെയില്‍വേയും ഇതുപോലെ തന്നെ. കോവിഡിന്റെ മറവിലാണ് കോര്‍പറേറ്റ്‌വത്കരണം. കേന്ദ്രത്തിന്റെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ ഉത്തരവ് നടപ്പായാല്‍ രാജ്യത്തെ ഒരു നിര്‍മാണത്തിനും പാരിസ്ഥിതിക അനുമതി വേണ്ടിവരില്ല.  അതായത് പരിസ്ഥിതി ആഘാതം ഇനി പരിശോധിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കുന്നത്.

ആദിവാസി മേഖലകളില്‍ പദ്ധതി ആരംഭിക്കുന്ന ഇടങ്ങളില്‍ എസ്ടി പഞ്ചായത്തിന്റെ അനുമതി വേണമെന്നുള്ള നിയമവും ഇല്ലാതാകും. പരിസ്ഥിതി സംരക്ഷണത്തിന് ഈ ഉത്തരവ് കോട്ടമുണ്ടാക്കും. അതിനാല്‍ ഉത്തരവ് കേന്ദ്രം തിരുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.  കേരളത്തിന്റെ അഭിപ്രായം അറിയിക്കണമെന്നും സിപിഐ എം സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചു.

കേരളത്തില്‍  ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായി. അത് 7.2 ശതമാനമായി. യുഡിഎഫ് ഭരിച്ചപ്പോള്‍ 4.9 ശതമാനമായിരുന്നു.സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള ഇടപെടലിന്റെ ഫലമാണിത്. കേന്ദ്രം ഒരുതരത്തിലും സഹായിച്ചില്ല. ജിഎസ്ടി വഴിയുള്ള അനുകൂല്യം പോലും തന്നില്ലെന്നും കോടിയേരി വ്യക്തമാക്കി

Back to top button
error: