NEWS

ഏഷ്യാനെറ്റ് പ്രതിനിധികൾക്കെതിരെ ഡോ. തോമസ് ഐസക് ,രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ നിഷ്കളങ്ക വേഷം കെട്ടിയാടുന്നുവെന്നു വിമർശനം

ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടു മാധ്യമപ്രവർത്തകർ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ നിഷ്കളങ്ക വേഷം കെട്ടിയാടുന്നുവെന്ന വിമർശനവുമായി ധനമന്ത്രി ഡോ .തോമസ് ഐസക്ക് .സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഉണ്ടെന്ന വാർത്ത കൊടുത്തതിന്റെ പശ്ചാത്തലത്തിൽ ആണിതെന്നു ഡോ .തോമസ് ഐസക്ക് ഫേസ്ബുക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു .

ഡോ .തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് –

തങ്ങളുടെ വാർത്തകളും വിശകലനങ്ങളുമൊന്നും മറ്റുള്ളവർക്ക് ഓർമ്മ കാണില്ല എന്നു ധരിച്ചിട്ടാണ് ഏഷ്യാനെറ്റിന്റെ രണ്ടു പ്രതിനിധികൾ രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ കെട്ടുന്ന നിഷ്കളങ്ക വേഷം കെട്ടുന്നത്. തങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവിക ചോദ്യങ്ങളാണ് എന്നു വിശദീകരിക്കാനാണ് അവർ പെടാപാടു പെടുന്നത്.

രണ്ടു ദിവസം മുമ്പ് എൻഐഎ കോടതിയിൽ നടന്ന വാദപ്രതിവാദം സംബന്ധിച്ച റിപ്പോർട്ടിംഗിന്റെയും വിശകലനങ്ങളുടെയും അന്തിച്ചർച്ചയുടെയും തുടർച്ചയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ ലേഖകരുടെ പ്രകടനം. മിനിയാന്നത്തെ ഏഷ്യാനെറ്റ് ന്യൂസിൽ ഇവരുടെ തന്നെ പ്രകടനങ്ങൾ മറ്റുള്ളവർ മറന്നു പോയെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നറിയില്ല.

അങ്ങനെയെങ്കിൽ ആറാം തീയതിയിലെ ഇവരുടെ റിപ്പോർട്ടുകൾ നമുക്കൊന്ന് റീവൈൻഡു ചെയ്യാം. വസ്തുതയുമായി അവയ്ക്കെത്ര ബന്ധമുണ്ട് എന്ന താരതമ്യവുമാകാം.

ഉച്ചയ്ക്ക് മുമ്പ് പതിനൊന്നേ മുക്കാലിനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ബ്രേക്ക് ചെയ്തത്. സ്വന്തം ആർക്കൈവ് നോക്കി അവർക്കിതു പരിശോധിക്കാവുന്നതേയുള്ളൂ.
വാർത്ത ബ്രേക്കു ചെയ്തുകൊണ്ട് ആംഗറുടെ രണ്ടാംവാചകം ഇങ്ങനെ. ; “മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നു എന്ന് എൻഐഎ”. പതിനഞ്ചാം സെക്കൻഡിൽ – “മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനം”എന്ന പിക്ചർ കാർഡ് പ്രത്യക്ഷപ്പെടുന്നു.

റിപ്പോർട്ടറെ സ്വാഗതം ചെയ്തുകൊണ്ട് തൊട്ടുപിന്നാലെ ആംഗറുടെ ചോദ്യം “ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നു എന്നുള്ളതിന് എന്താണ് ഇപ്പോൾ എൻഐഎ പുറത്തുവിടുന്ന വിവരങ്ങൾ….? തുടർന്ന് മുഖ്യമന്ത്രിയ്ക്ക് സ്വപ്നയുമായി അനൌപചാരികമായ ബന്ധം ഉണ്ടെന്ന് എൻഐഎ വെളിപ്പെടുത്തി എന്നൊക്കെ റിപ്പോർട്ടർ തട്ടിവിടുന്നു.

ഈ വാർത്ത കൊടുക്കുമ്പോൾ സമയം പതിനൊന്നേ മുക്കാലാണ്. കോടതി പിരിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, വാദം നടക്കുന്ന കോടതിമുറിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിനിധി ഉണ്ടായിരുന്നതുമില്ല. കോടതി മുറിയിൽ പ്രവേശിച്ച മറ്റൊരു മാധ്യമപ്രവർത്തകൻ, അവിടെ നിന്ന് പുറത്തേയ്ക്കയച്ച വാട്സാപ്പ് സന്ദേശങ്ങളെ അപ്പാടെ വിശ്വസിച്ചാണ് ഈ പച്ചക്കള്ളം വിളമ്പിയത്. She had casual association with CM എന്നായിരുന്നു ആ വാട്സാപ്പര് സന്ദേശമെന്ന് കാര്യം ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. ഈ മെസേജുകൾ സംബന്ധിച്ച് എന്തെങ്കിലുമൊരു വിശദീകരണം ആവശ്യമുണ്ടെങ്കിൽ, അതു തേടാനുള്ള സാവകാശം ഒട്ടും ഇല്ലാതിരിക്കെയാണ് അസന്നിഗ്ധവും ആധികാരികവുമെന്ന നാട്യത്തിൽ വാഗ്വിലാസം കൊടുമ്പിരിക്കൊണ്ടത്.

മറ്റൊരു വസ്തുത കൂടി ഞാൻ പറയട്ടെ, എൻഐഎ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയെക്കുറിച്ചോ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചോ ഒരു വാചകം പോലും പറഞ്ഞിട്ടില്ല. അതൊരുകാര്യം. രണ്ടാമത്തെ കാര്യം കോടതിമുറിയിൽ വാദം നേരിട്ടു കേട്ട ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അഭിഭാഷകൻ വാദിച്ചത് എന്ന് വ്യക്തമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

Swapna claimed links with CM’s Office : NIA എന്നാണ് ഹിന്ദു റിപ്പോർട്ടിന്റെ തലക്കെട്ട്. Swapna admitted ‘casual association’ with Kerala CM എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ തലക്കെട്ട്. പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കി വാദത്തിനിടയിൽ അഭിഭാഷകൻ വാക്കാൽ പറഞ്ഞ കാര്യമാണിത്. എൻഐഎ കോടതിയ്ക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഇല്ലായിരുന്നു എന്ന് എടുത്തു പറയട്ടെ.

ഇനി ഏഷ്യനെറ്റിന്റെ റിപ്പോർട്ടിലേയ്ക്ക് തിരിച്ചു പോകാം. ഏഷ്യാനെറ്റ് ലേഖകൻ നേരിട്ടു കേൾക്കാത്ത കാര്യമാണ് സംഭ്രമജനകമായ വെളിപ്പെടുത്തൽ എന്ന മട്ടിൽ റിപ്പോർട്ടു ചെയ്തത്. ആ ലേഖകനെ സംബന്ധിച്ച് തനിക്കു കിട്ടിയ എസ്എംഎസ് സന്ദേശത്തിന് കേട്ടുകേൾവിയുടെ വില മാത്രമേയുള്ളൂ. അങ്ങനെയൊരു കേട്ടുകേൾവിയെ അടിസ്ഥാനമാക്കി സംസ്ഥാന മുഖ്യമന്ത്രിയെ വ്യക്തിപരമായും ഓഫീസിനെ പൊതുവിലും ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണ് ചാനൽ ചെയ്തത്.

ഒരു വരി വാട്സാപ്പ് സന്ദേശമല്ലാതെ മറ്റൊരു തെളിവും റിപ്പോർട്ടറുടെയോ എഡിറ്ററുടെയോ പക്കൽ ഇപ്പോഴും ഇല്ല എന്നതാണ് സത്യം.
സമയം 12.15. ഇപ്പോൾ പത്രസമ്മേളനത്തിൽ പടവെട്ടാനിറങ്ങുന്ന ഏഷ്യാനെറ്റ് ലേഖകരിലൊരാൾ തൻ്റെ വക വിശകലനവുമായി പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഒരു വാചകം ഇങ്ങനെയാണ്. .

>>>എന്തുതരത്തിലുള്ള ബന്ധമായിരുന്നു… ഈ കാഷ്വൽ റിലേഷൻഷിപ്പ് എന്നു പറയുന്നത് എന്തായിരുന്നു സ്വപ്നയുമായിട്ട് മുഖ്യമന്ത്രിയ്ക്ക് ഉണ്ടായിരുന്നത്. ഒന്നദ്ദേഹം പറയേണ്ടതാണ്.<<<

എന്തൊരു ഔദ്ധത്യം എന്നു നോക്കൂ. ഇതുപോലൊരു വിശദീകരണം കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ആവശ്യപ്പെടാൻ അദ്ദേഹത്തെപ്പോലുള്ള മുതിർന്ന മാധ്യമലേഖകന്റെ കൈവശമുള്ളത് കേവലം ഒരു വരി വാട്സാപ്പ് സന്ദേശം.

തീർന്നില്ല, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സാധൂകരിക്കുകയാണ് എൻഐഎ എന്ന മട്ടിൽ ഒരു നിരീക്ഷണം കൂടി നടത്തിയിട്ടാണ് ആ ബുള്ളറ്റിൻ അവസാനിപ്പിച്ചത്. കോടതി പിരിയുന്നതിനു മുമ്പാണ് ഈ അഭ്യാസം എന്ന് ആലോചിക്കുക.

അടുത്ത ലേഖകന്റെ റിപ്പോർട്ട് വരുന്നത് രണ്ടരയ്ക്ക്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ വാദിക്കുന്ന എന്ന പച്ചക്കള്ളം ഒരിക്കൽക്കൂടി ആവർത്തിച്ചുകൊണ്ടാണ് ബുള്ളറ്റിൻ ആരംഭിച്ചത്.

“എൻഐഎ അന്വേഷണം മുഖ്യമന്ത്രിയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു” എന്നാണ് ആംഗർ തട്ടിവിടുന്നത്. ആ വ്യാഖ്യാനത്തിനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചുട്ട മറുപടി കൊടുത്തത്.

വോയ്സ് ഓവർ ഇങ്ങനെ തുടങ്ങുന്നു:

“സ്വർണക്കടത്തിൽ എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്”.

ആദ്യവാചകം തന്നെ വിഷത്തിൽ മുക്കിയാണ് പ്രേക്ഷകന്റെ കാതിലേയ്ക്കിടുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണമെന്ന കൂട്ടിച്ചേർക്കൽ പിന്നീടുണ്ട്. പക്ഷേ, ഒരു ആട്രിബ്യൂഷനുമില്ലാത്ത ആ വാചകം ഒറ്റയ്ക്കെടുത്താൽ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ നിലപാടാണ് ചുവയ്ക്കുന്നത് ..

എൻഐഎയുടെ വാദം മുഖ്യമന്ത്രിയ്ക്ക് വൻ തിരിച്ചടിയാണെന്നാണെന്നൊക്കെ “അർത്ഥശങ്ക”യില്ലാതെ വെച്ചുകാച്ചുന്നുമുണ്ട്. സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നതോ, “കുരുക്കായി എൻഐഎ വാദം” എന്ന കാപ്ഷനും. പ്രതിപക്ഷത്തിന് എൻഐഎ വാദം കരുത്തു നൽകുന്നു എന്ന ടിപ്പണിയോടെയാണ് വോയ്സ് ഓവർ അവസാനിക്കുന്നത്.

എൻഐഎയ്ക്ക് അങ്ങനെയൊരു വാദമുണ്ടെന്ന് ഈ ലേഖകൻ എങ്ങനെ ഉറപ്പിച്ചു എന്ന ചോദ്യത്തിന് പക്ഷേ, വാർത്തയിൽ വ്യക്തതയില്ല. ഈ നിമിഷവും അതിനൊരു വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് നൽകിയിട്ടില്ല.

ഞാനാദ്യമേ പറഞ്ഞല്ലോ, എൻഐഎ രേഖാമൂലം കോടതിയ്ക്കു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെയൊരു പരാമർശമോ, ഇത്തരത്തിൽ വ്യാഖ്യാനിക്കാവുന്ന മറ്റെന്തെങ്കിലുമോ ഇല്ല. അതായത് ഒരു തെളിവുമില്ലാത്ത തള്ളലുകളാണ് ഏഷ്യാനെറ്റ് ന്യൂസിൽ നടത്തിയത്. ഇതിനെയാണ് അജണ്ട വെച്ചുള്ള റിപ്പോർട്ടിംഗ് എന്നു പറയുന്നത്. ഈ അജണ്ടയ്ക്കു മുന്നിൽ ഒരിഞ്ചു കുനിയില്ല എന്നാണ് രണ്ടുദിവസമായി മുഖ്യമന്ത്രി അവരുടെ തന്നെ മുഖത്തു നോക്കി പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

കേവലമൊരു ഒറ്റവരി വാട്സാപ്പ് മെസേജിനെ ആധാരമാക്കി ഒരു ദിവസം മുഴുവൻ പച്ചക്കള്ളം പ്രചരിപ്പിക്കാൻ തങ്ങളുടെ മാധ്യമസ്ഥാപനത്തെ ഉപയോഗിച്ചവരാണ് മുഖ്യമന്ത്രിയുടെ മുന്നിൽ ഒരു ലജ്ജയുമില്ലാതെ നിഷ്കളങ്ക വേഷം കെട്ടുന്നത്. അവരോട് സഹതപിക്കുക.

എൻഐഎയുടെ കണ്ടെത്തലുകൾ എന്ന മട്ടിൽ തങ്ങൾ അവതരിപ്പിച്ച വാദങ്ങളുടെ യാഥാർത്ഥ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ, അന്വേഷണ ഏജൻസിയുടെ സത്യവാങ്മൂലം പൊതുസമക്ഷം ഹാജരാക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. എൻഐഎയെ താങ്ങിയാണല്ലോ രണ്ടുദിവസമായി നിങ്ങളുടെ വാദം.

വാർത്താ ഉറവിടങ്ങളെ വെളിപ്പെടുത്താൻ പത്രലേഖകരെ വെല്ലുവിളിക്കുന്നതിൽ അഭംഗിയുണ്ടെന്ന് എനിക്കുമറിയാം. പക്ഷേ, എൻഐഎ കൊടുത്ത സ്റ്റേറ്റ്മെന്റ് ഇപ്പോൾ കോടതിയ്ക്കു മുന്നിലുണ്ട്. ഏഷ്യാനെറ്റിന് എൻഐഎയിൽ സോഴ്സുണ്ടെങ്കിൽ, ആ സത്യവാങ്മൂലം ഹാജരാക്കട്ടെ

 

Back to top button
error: