NEWS

അതി തീവ്ര മഴ; കെ എസ് ഇ ബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

കെ എസ് ഇ ബി യുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തിക്കഴിഞ്ഞു. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തരവാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും പൊതുജനങ്ങൾക്ക് വേണ്ടതില്ല.

കെ എസ് ഇ ബി യുടെ 18അണക്കെട്ടുകളിലുമായി 1898.6 എം സി എം ജലമേ ഇപ്പോൾ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എം സി എം ആണ്. കെ എസ് ഇ ബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 54.12 ശതമാനവും ഇടമലയാറിൽ 47.87 ശതമാനവും കക്കിയിൽ 52.87 ശതമാനവും ബാണാസുരസാഗറിൽ 65.98 ശതമാനവും ഷോളയാറിൽ 64.17 ശതമാനവും ജലമെ നിലവിലുള്ളു. കെ എസ് ഇ ബിയുടെ ആകെ ജലസംഭരണശേഷിയുടെ 88% ഉം ഈ അഞ്ച് വലിയ ജലസംഭരണികളിലായാണുള്ളത്

എല്ലാ മഴക്കാലത്തുമെന്നതുപോലെ, ചെറിയ ഡാമുകളായ പൊരിങ്ങൽകുത്ത്, പൊന്മുടി, കക്കയം തീരെ ചെറിയ ഡാമുകളായ കല്ലാർകുട്ടി, ലോവർ പെരിയാർ, കല്ലാർ, ഇരട്ടയാർ എന്നിവയിൽ നിന്നും ഇപ്പോൾ തന്നെ ജലം പുറത്തേക്കു ഒഴുക്കി വിടുന്നുണ്ട്

ഡാമുകളെക്കുറിച്ച് കെ എസ് ഇ ബി യുടെ വെബ്‌സൈറ്റിൽ ഉൾപ്പടെ സമയാസമയം വിവരങ്ങൾ നൽകുന്നുണ്ട്. ഇതിനു പുറമെ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ഏകോപിപ്പിച്ച് മാധ്യമങ്ങൾ വഴിയും കൃത്യമായ അപായ സൂചനകൾ അതതു സമയങ്ങളിൽ നൽകും. വെള്ളം ഉയരുമ്പോൾ ബ്ലൂ അലർട്ടും ചെറിയ തോതിലുള്ള അപായസൂചനക്കു ഓറഞ്ച് അലേർട്ടും തുറക്കുന്നതിന് മുൻപ് റെഡ് അലേർട്ടും നൽകും. ഡാമിലെ ജലം ഒഴുകി വരുന്ന നദിയുടെ കരകളിലുള്ളവർ ഇത് ശ്രദ്ധിച്ചാൽ മതിയാകും.

Back to top button
error: