സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്

സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്.

കോവിഡ്മൂലമുള്ള നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെത്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), കോഴിക്കോട് വെള്ളികുളങ്ങരയിലെ സുലൈഖ (63), കൊല്ലം കിളികൊല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍ (84) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്കു പുറമെ ഇന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവന്‍തായി, മണികണ്ഠന്‍ (30), ദീപക്ക് (18), ഷണ്‍മുഖ അയ്യര്‍ (58), പ്രഭു (55) എന്നിവരെയാണ്.

കരിപ്പൂരില്‍ വിമാനദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 18 ആണ്. ഇന്നലെ പറഞ്ഞതുപോലെ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ഇവരുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92 പേര്‍, വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 108 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 30. കഴിഞ്ഞ 24 മണിക്കൂറിനകം 27,714 പരിശോധനകള്‍ നടത്തി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ന് 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. 33 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിച്ചുനിര്‍ത്താന്‍ സംസ്ഥാന തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരേണ്ടതുണ്ടെന്നാണ് കാണിക്കുന്നത്. ഇന്ന് 777 പേരുടെ റിസള്‍ട്ട് തിരുവനന്തപുരത്ത് നെറ്റീവായിട്ടുമുണ്ട്.

മറ്റു ജില്ലകളിലെ പോസിറ്റീവായവരുടെ കണക്ക്:

കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അവിടെ ഹൃദയഭേദകമായ രംഗങ്ങളാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതിദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടുപോയവരാണ് അവര്‍. അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫിന്‍റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സുത്യര്‍ഹമായ സേവനമാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.

ഇടുക്കി ജില്ലയില്‍ ആകെ വ്യാപക നാശമാണുണ്ടായത്. ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.

വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകള്‍ തകര്‍ന്നു.

കട്ടപ്പനയാറിന്‍റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വന്‍തോതില്‍ എലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.

തേക്കടി-കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട-കൊച്ചു പാലത്തിന്‍റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

വിമാന അപകടം

കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും സഹമന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്.

വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 184 യാത്രക്കാരും 6 പേര്‍ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരും നാല് കുട്ടികളുമാണ്.

മരണമടഞ്ഞവരുടെ പേരുവിവരം: മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍.

149 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതില്‍ 23 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്.

കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം പ്രക്രിയ ത്വരിതപ്പെടുത്തി. മരണപ്പെട്ടവര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരില്‍ ഒരാള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സിസ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

റിലീഫ് ക്യാമ്പുകള്‍

മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചത്. മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് വയനാട് ജില്ലയിലാണ്. 69 ക്യാമ്പുകളിലായി 3795 പേരെയാണവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട 43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു.

ഡാമുകള്‍

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. ഈ സമയത്തിനുള്ളില്‍ 7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേയ്ക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്നാട് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ ഡാമിന്‍റെ 4 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയില്‍ 182 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,348 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു.

വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങള്‍ കയറ്റിയ ലോറികളില്‍ 20 മത്സ്യ തൊഴിലാളികളാണ് കൊല്ലം ഹാര്‍ബറില്‍ നിന്നും തിരിച്ചത്.

പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാര്‍ ഡാമിന്‍റെയും ജലസേചന വകുപ്പിന്‍റെ കീഴിലുള്ള മണിയാര്‍ സംഭരണിയുടെയും സ്പില്‍വേകള്‍ തുറന്നിട്ടുണ്ട്. മൂഴിയാര്‍ കക്കി റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളിലെ കോവിഡ് രോഗികളെ മറ്റു സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാനുള്ള നടപടികള്‍ അംഗീകരിച്ചു.

പമ്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ചാലക്കുടി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ 139 പേര്‍ നിലവില്‍ താമസിക്കുന്നുണ്ട്.

പാലക്കാട് ജില്ലയില്‍ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകള്‍ ആണ് തുറന്നത്. വാളയാര്‍ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കി. 14 പ്രശ്ന സാധ്യത മേഖലകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഈ മേഖലകളിലെ മണ്ണിടിച്ചിലില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.

നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചു.

വയനാട് ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായി. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1154 കുടുംബങ്ങളിലായി 4072 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരില്‍ 2235 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.

മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തു വിടേണ്ടി വരും.

കണ്ണൂര്‍ ജില്ലയില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയര്‍ന്നിട്ടുണ്ട്. വളപട്ടണം. മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കി. ജില്ലയിലെ എല്ലാ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം ഓഗസ്റ്റ് 14 വരെ വിലക്കി.

കാസര്‍കോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.

കാലാവസ്ഥ

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി. നാളെ ഇടുക്കി, മലപ്പുറം, വയനാട്.

ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version