NEWS

ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത്,ആഞ്ഞടിച്ച് മണിശങ്കർ അയ്യർ

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ രംഗത്ത് .ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മണിശങ്കർ അയ്യർ നിലപാട് വ്യക്തമാക്കിയത് .തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് രാജ്യത്തിന്റെ താല്പര്യം ബലികൊടുക്കരുതെന്നു മണിശങ്കർ അയ്യർ തുറന്നടിച്ചു .

ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത് .ആരാണ് കൂടുതൽ ഹിന്ദു എന്നതിൽ അല്ല ബിജെപിയോട് മത്സരിക്കേണ്ടത് .മതേതരത്വം എന്ന വാക്ക് കോൺഗ്രസ്സ് നിഘണ്ടുവിൽ നിന്ന് മാഞ്ഞിരിക്കുന്നു-മണിശങ്കർ അയ്യർ ആരോപിച്ചു .

ന്യൂനപക്ഷ ആരാധനാലയം നിന്നിടത്ത് ,അത് തകർത്ത ശേഷം നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കും വിധം കോൺഗ്രസ് തരം താണു .മസ്ജിദ് തകർത്തത് ആഘോഷിക്കാൻ അല്ല കോടതി പറഞ്ഞിരിക്കുന്നത് .കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനാണ് കോടതി നിർദേശിച്ചതെന്നും മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടി .

ഭൂമിപൂജയെ പ്രശംസിച്ചവർക്കെതിരെ കടുത്ത ഭാഷയിലാണ് മണിശങ്കർ അയ്യർ പ്രതികരിച്ചത് .തകർന്ന മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമല്ല പള്ളി നിർമ്മിക്കുമെന്ന് പറഞ്ഞ പി വി നരസിംഹ റാവുവിനെ കോൺഗ്രസ്സ് മറക്കരുതെന്നും മണിശങ്കർ അയ്യർ ഓർമ്മിപ്പിച്ചു .

മുതിർന്ന നേതാവായ മണിശങ്കർ അയ്യരുടെ വിമർശനം യഥാർത്ഥത്തിൽ ഹൈക്കമാൻഡിനെ തന്നെ ഉന്നം വച്ചാണ് .കമൽ നാഥ് ,ദിഗ്‌വിജയ് സിങ് തുടങ്ങി പ്രിയങ്കാ ഗാന്ധി ,രാഹുൽ ഗാന്ധി വരെയുള്ളവരുടെ നിലപാടിനെയാണ് മണിശങ്കർ അയ്യർ തള്ളിക്കളഞ്ഞത് .

Back to top button
error: