NEWS

2024ൽ ഒറ്റക്ക് അധികാരം,രാമക്ഷേത്ര നിർമ്മാണവും ജനപ്രിയ പദ്ധതികളും, ബിജെപിയുടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ ഇങ്ങനെ

ആഗസ്റ്റ് 5ന് അയോധ്യയിൽ രാമക്ഷേത്ര ശിലാസ്ഥാപനം നടന്നപ്പോൾ ബിജെപി വലിയൊരു കണക്കുകൂട്ടൽ കൂടി നടത്തിയിരിക്കണം. നരേന്ദ്രമോഡിയുടെ ത്രിതല തെരഞ്ഞെടുപ്പ് അജണ്ടയുടെ ശിലാസ്ഥാപന കർമ്മം കൂടി ആണ് അവിടെ നടന്നത്. അജണ്ടകൾക്ക് ഹൃസ്വ -ദീർഘ കാല ലക്ഷ്യങ്ങൾ ഉണ്ട്.

ആദ്യത്തേത് തീർച്ചയായും വരാനിരിക്കുന്ന ബീഹാർ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുകൾ തന്നെ. 2020ലും 2021ലും ആണവ. ഇതാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. 2022 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമാണ് ദീർഘകാല ലക്ഷ്യങ്ങൾ. ബിജെപിയുടെ അടിസ്ഥാന വോട്ടുബലം വർധിപ്പിക്കുക തന്നെയാണ് ലക്‌ഷ്യം.

ഇനി കണക്കുകൾ നോക്കാം. 18 കോടി അംഗങ്ങൾ ആണ് ബിജെപിക്കുള്ളത്. ഒരു കുടുംബത്തിൽ രണ്ട് പേർ ബിജെപിക്ക് വോട്ട് ചെയ്യുന്നുവെന്ന് കരുതുക. അപ്പോൾ 36 കോടി പേരുടെ വോട്ട് ബിജെപിക്ക് കിട്ടും. 91 കോടി വോട്ടർമാരിൽ 2019 പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 60 കോടിയിൽപരം പേരാണ്.

എന്നാൽ അതുപോര. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് 42 മുതൽ 45 ശതമാനം വോട്ട് വേണ്ടി വരും. 2024 ൽ അധികാരത്തിൽ വരണമെങ്കിൽ മതേതര കക്ഷികൾക്ക് വോട്ട് ചെയ്യുന്ന ഹിന്ദു വോട്ടുകൾ കൂടി പിടിക്കണം എന്നർത്ഥം. 2019ൽ ബിജെപി നേടിയത് 37.36 ശതമാനം വോട്ടാണ്. എൻ ഡി എ ഘടക കക്ഷികൾ മെലിഞ്ഞു മെലിഞ്ഞു വരികയാണ്. 2024 ൽ പ്രതിപക്ഷ മഹാസഖ്യം ഉറപ്പാണ് താനും.

രാമക്ഷേത്രത്തിന്റെ നിർമ്മാണം ഇപ്പോൾ തുടങ്ങുന്നത് വളരെ ആലോചിച്ച് ഉറപ്പിച്ച ഒന്നാണ്.പദ്ധതി അനുസരിച്ച് 2024ലെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുക്കുക. ഇതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതും. രാമൻ എല്ലാവരുടേതുമാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന തന്നെ തെളിവ്. “500 വർഷത്തെ ചരിത്രപരമായ തെറ്റ് “തിരുത്തുകയാണ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലൂടെ എന്നാണ് ബിജെപിയും സംഘപരിവാറും മുന്നോട്ട് വെക്കുന്നത്.

എന്നാൽ രാമക്ഷേത്രത്തെ മാത്രം മുന്നിൽ കണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് അജണ്ടയുടെ റിസ്ക് ബിജെപി തിരിച്ചറിയുന്നു. ജനപ്രിയ പരിപാടികൾ ആണ് അടുത്ത പടി. രാജ്യത്തെ 50 ലക്ഷം റേഷൻ കടകളിൽ നിന്നായി പാവങ്ങൾക്ക് ഒരു രൂപക്കും രണ്ട് രൂപക്കും ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുക ആണ് അടുത്ത പടി. ഗ്രാമങ്ങളിൽ സൗജന്യ പാചക വാതകം എത്തിക്കാനും നടപടി ഉണ്ട്. അടുത്ത പദ്ധതി നിലവിൽ നടക്കുന്ന ശുചിമുറി നിർമ്മാണം മുന്നോട്ട് കൊണ്ടു പോകുക എന്നത് തന്നെയാണ്.

എന്നാൽ രാമനും ജനപ്രിയ പദ്ധതികളും കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.അതിനാണ് മൂന്നാമത്തെ പദ്ധതി. എന്ത് ചെയ്താലും സാമ്പത്തിക നില പരിതാപകരം ആണെങ്കിൽ സർക്കാർ പ്രതിക്കൂട്ടിൽ ആകും. ഒരറ്റത്ത് തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെയും മറ്റേയറ്റത്ത് നികുതി കൊണ്ടു വലയുന്ന മധ്യവർഗ്ഗക്കാരുടെയും കോപം സർക്കാരിനെതിരെയാകും.

മോദി സർക്കാരിന്റെ സാമ്പത്തിക മേഖല ആകെ തകർന്നിരിക്കുകയാണ്. തൊഴിലില്ലായ്മ വര്ധിക്കുന്നു. ആളുകളുടെ വാങ്ങൽ ശേഷി കുറയുന്നു. വ്യവസായ അന്തരീക്ഷം മോശമാകുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്ന കമ്പനികളിൽ റിലയൻസ് മാത്രം മറ്റുള്ളവയെ അപേക്ഷിച്ച് മുന്നേറുന്നതാണ് കാഴ്ച.

2020-21 സാമ്പത്തിക വർഷത്തിൽ വളർച്ച 5% ലേക്ക് ചുരുങ്ങും. ബിജെപിയുടെ ഏത് തെരഞ്ഞെടുപ്പ് അജണ്ടയെയും തകിടം മറിക്കാൻ പ്രാപ്തി ഉണ്ട് സാമ്പത്തികാവസ്ഥയുടെ തകർച്ച. 18 മുതൽ 23 വയസു വരെയുള്ള പുതിയൊരു തലമുറ 2024 ൽ വോട്ട് ചെയ്യും. 2000ത്തിൽ ജനിച്ച് സൂം കൂടിക്കാഴ്ചയിൽ ജീവിക്കുന്നവർ ആണവർ. അവർക്ക് രാമക്ഷേത്രത്തേക്കാളും ജനപ്രിയ പരിപാടികളെക്കാളും പ്രധാനം വിദ്യാഭ്യാസവും തൊഴിലും ആണ്. ബിഹാറിലും ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമുള്ള ഇവരെ അഭിസംബോധന ചെയ്യാൻ ആണ് ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നത്. അയോദ്ധ്യ ബിജെപിക്ക് മികച്ചൊരു തെരഞ്ഞെടുപ്പ് അജണ്ടയാണ്. എന്നാൽ കുതിച്ചുയരുന്ന ശക്തി പുതുതലമുറയാണ്. ഇവരെ പിടിയ്ക്കാനാണ് അടുത്ത പദ്ധതി.

Back to top button
error: