NEWS

വഞ്ചിയൂർ സബ്- ട്രഷറി തട്ടിപ്പ് കേസ്; സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്നു 2 കോടി രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍. അഭിഭാഷകന്റെ വീട്ടില്‍ വച്ച് രാവിലെ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാന്‍ കോടതിയിലേയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓണ്‍ലൈന്‍ വഴി കൈമാറി തട്ടിപ്പു നടത്തി എന്നാണ് കേസ്. തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാല്‍, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയെ പിടികൂടിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Back to top button
error: