NEWS

കോവിഡ് പ്രതിരോധം;പൊലീസിന് അമിതാധികാരം നൽകുന്നതിനെതിരെ കെ ജി എം ഒ എ

കൊവിഡ് പ്രതിരോധത്തിൽ ആശങ്കകൾ പങ്ക് വച്ച് കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്തിൻ്റെ പൂർണ്ണരൂപം. കഴിഞ്ഞ ആറു മാസമായി കോവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട് അശ്രാന്ത പ്രവർത്തനമാണ് ആരോഗ്യ വകുപ്പിലെ ഡോക്ടർമാറും മറ്റ് ആരോഗ്യ ആരോഗ്യപ്രവർത്തകരും നടത്തുന്നത്. സ്ക്രീനിംഗ് മുതൽ ക്വാറൻറീൻ ഉറപ്പാക്കുന്നതു വരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കു പുറമെ, ദിവസേന മുപ്പതിനായിരത്തോളം വരുന്ന സ്രവ പരിശോധന സാമ്പിൾ ശേഖരണവും, CFLTC കൾ മുതൽ കോവിഡ് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ട പതിനായിരത്തോളം കോവിഡ് രോഗികളുടെ ചികിത്സയും ഒരു വീഴ്ചയും വരുത്താതെ നടത്തുന്നത് ആരോഗ്യ വകുപ്പ് ഡോക്ടർമാരാണെന്ന് അങ്ങേക്കറിവുള്ളതാണല്ലൊ.

നിലവിൽ കോവിഡ് രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണ്ട കാര്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധക്ഷണിക്കുന്നു. കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പു വരുത്തുന്നതിനും ഇത് ആവശ്യമാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു.

1) ഓരോ ജില്ലയിലേയും പ്രധാന ആശുപത്രികൾ കോവിഡ് ആശുപത്രികളായി മാറിയ സാഹചര്യത്തിൽ സാധരണക്കാർക്ക് കോവിഡേതര ചികിത്സക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു എന്നത് വസ്തുതയാണ്. കോവിഡ് ചികിത്സക്ക് ഭംഗം വരുത്താതെ പ്രധാനപ്പെട്ട ജില്ല ജനറൽ ആശുപത്രികളെ മികവുറ്റ നോൺ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് അനിവാര്യമാണ്. പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികളെയോ, ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെയോ കോവിഡ് രോഗികളുടെ ചികിത്സക്കായി സർക്കാർ ഏറ്റെടുത്ത് അവിടെ അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷിയും ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ICU സൗകര്യമുള്ള കുടുതൽ സ്വകാര്യ ആശുപത്രികളെയും ഇത്തരത്തിൽ കോവിഡ് category B & C രോഗികളെ ചികിത്സിക്കാൻ ഒരുക്കണം.

2) പുതുതായി ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് വലിയ തോതിൽ അനുഭവപ്പെടുന്നുണ്ട്. ഇത് ചികിത്സയേയും, സ്ഥാപനങ്ങളിലെ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളെയും ദോഷമായി ബാധിക്കുന്നുണ്ട്. മാത്രവുമല്ല സ്ഥിരം ജീവനക്കാരെ ഈ താത്കാലിക സംവിധാനത്തിലേക്ക് വിനിയോഗിക്കുന്നത് പി എച്ച് സി മുതൽ ജനറൽ ആശുപത്രി വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നുമുണ്ട്. അതു കൊണ്ട് CFLTC കളിൽ ആവശ്യം വേണ്ട ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. ഇവ സ്വകാര്യ മേഖലയിലും ആരംഭിക്കുവാനുള്ള നടപടികളും ഇതോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

3) പ്രകടമായ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ നിരീക്ഷണത്തിൽ ആക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇത് കൂടുതൽ ഫലപ്രദമായി നമ്മുടെ സംവിധാനത്തെ ഗുരുതരാവസ്തയിലുള്ള രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കാൻ സഹായിക്കും. എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങളോടെയും നിബന്ധനകളോടെയും വേണം ഇത് നടപ്പിലാക്കാൻ. രോഗികൾക്ക് റൂം isolation സൗകര്യം ഉണ്ട് എന്ന് LSGD കൾ ഉറപ്പു വരുത്തണം. Pulseoximeter, digital thermometer, digital BP apparatus എന്നിവ പ്രസ്തുത രോഗികൾക്ക് ലഭ്യമാക്കുകയും ഇവയിൽ രേഖപ്പെടുത്തുന്ന അളവുകൾ ദിവസേന ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തരം അറിയിക്കുവാനുള്ള സംവിധാനം ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇവയിലെ അളവിൽ വ്യതിയാനം ഉണ്ടാവുന്ന പക്ഷം രോഗിയെ ആശുപത്രികളിലേക്ക് മാറ്റുവാൻ ആംബുലൻസ് സൗകര്യം ഉറപ്പു വരുത്തേണ്ടതാണ്.

4) സർക്കാർ ആരംഭിക്കാൻ പോകുന്ന reverse quarantine കേന്ദ്രങ്ങൾ രോഗവ്യാപനവും, അതിൻ്റെ സങ്കീർണതകളും ഏറ്റവും ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണ്. പല വിദേശ രാജ്യങ്ങളിലും ഇത്തരം കേന്ദ്രങ്ങളിൽ അതീവ ഗുരുതര സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രസ്തുത നീക്കത്തിലുള്ള ഞങ്ങളുടെ ആശങ്ക അറിയിക്കുകയും ഇതിൽ ഒരു പുനർവിചിന്തനം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

5) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കൽ പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ പോലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു. ആരോഗ്യ വിഷയത്തിൽ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. Quarantine ൽ ഉള്ള ആൾക്കാരുടെ സ്ഥിതി പരിശോധിക്കാനും അതിൻറെ enforcement നും മാത്രമേ ഇത്തരം ഏജൻസികളെ ചുമതലപ്പെടുത്തുവാൻ പാടുള്ളൂവെന്നും കെ ജി എം ഒ എ കത്തിൽ അഭ്യർത്ഥിച്ചു.

Back to top button
error: