NEWS

കോൺഗ്രസ്‌ രാജ്യസഭാ എംപിമാരുടെ യോഗത്തിൽ പൊട്ടിത്തെറി

കോൺഗ്രസ്‌ രാജ്യസഭാ എംപിമാരുടെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നതായി റിപോർട്ട് . സോണിയ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിലാണ് രണ്ടാം യു പി എ മന്ത്രിസഭയിലെ അംഗങ്ങളും രാജ്യസഭാ എംപിമാരും തമ്മിൽ ചൂടേറിയ വാക്കുതർക്കം ഉണ്ടായത്. രാഹുൽ ഗാന്ധിയോട് അടുത്ത് നിൽക്കുന്നവരാണ് വിമർശനം ഉന്നയിച്ചത്.

പാർട്ടി സ്വയംവിമർശനം നടത്തണമെന്നും പുനഃപരിശോധന വേണമെന്നും മുൻ നിയമ മന്ത്രി കപിൽ സിബൽ പറഞ്ഞപ്പോൾ യു പി എ രണ്ടാം സർക്കാർ ആണ് കോൺഗ്രസിനെ പതനത്തിൽ എത്തിച്ചതെന്ന് പുതിയ രാജ്യസഭാ എംപി രാജീവ് സതവ് തിരിച്ചടിച്ചു. മോദി സർക്കാരിനെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് കഴിയാതെ പോകുന്നുവെന്ന് മുൻധനമന്ത്രി പി ചിദംബരം പറഞ്ഞപ്പോഴും വിമർശനം ഉണ്ടായി. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ ആണ് ചിദംബരത്തെ വിമർശിച്ചത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ ആണ് ഈ വിമർശനങ്ങൾ ഉയർന്നത്. രാജീവ് സതവിന്റെ വിമർശനങ്ങളോട് മൻമോഹൻ സിംഗ് പ്രതികരിച്ചില്ല. മൻമോഹൻ സിംഗിനെ കൂടാതെ മുന്മന്ത്രിമാരായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയറാം രമേശ് എന്നിവരും പങ്കെടുത്തു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. അസമിൽ നിന്നുള്ള എംപി റിപുൺ ബോറയാണ്‌ ഈ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യത്തെ അഭിഷേക് സിംഗ്വി, ദിഗ്‌വിജയ സിംഗ്, കെ സി വേണുഗോപാൽ, രാജീവ് സതവ് തുടങ്ങിയവർ പിന്തുണച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗം നാലു മണിക്കൂറോളം നീണ്ടുനിന്നു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ചും ചർച്ച ഉണ്ടായി.

Back to top button
error: