TRENDING

ആളുകളെ മുതലക്കിട്ട് കൊടുക്കുന്ന ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ദേവീന്ദർ ശർമയുടെ ജീവിത കഥ

പരോളിൽ മുങ്ങിയ കുപ്രസിദ്ധ കുറ്റവാളി ദേവീന്ദർ ശർമയെ ഒടുവിൽ പിടികൂടാൻ ഡൽഹി പോലീസിനായി. ബി എ എം എസ് ഡിഗ്രി ഉള്ളതിനാൽ ഡോക്ടർ ഡെത്ത് എന്നാണ് ദേവീന്ദർ ശർമ അറിയപ്പെടുന്നത്. നിരവധി കൊലപാതകങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും ശിക്ഷിക്കപ്പെട്ട ദേവീന്ദർ ജനുവരിയിൽ ആണ് ജയ്‌പൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങി മുങ്ങിയത്.

അലിഗഡിലെ പുരേനി ആണ് ഡോക്ടർ ഡെത്തിന്റെ ജന്മദേശം. ട്രക്ക്, ടാക്സി ഡ്രൈവർമാരെ കൊന്ന് മുതലകൾക്ക് കൊടുക്കുന്ന ആളെ കുറിച്ചുള്ള അന്വേഷണമാണ് ദേവീന്ദറിലേക്ക് പോലീസിനെ എത്തിച്ചത്. യുപിയിലെ കസ്ഗഞ്ജിലെ ഹസാര കനാലിലെ മുതലകൾക്കാണ് ദേവീന്ദർ മനുഷ്യ ശരീരം ഭക്ഷണമായി നൽകിയിരുന്നത്. ഡൽഹി, ഹരിയാന, യു പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി കേസുകൾ ഉള്ള ദേവീന്ദറിനെ 16 വർഷത്തേക്ക് ശിക്ഷിച്ചു ജയിലിൽ ആക്കിയിരുന്നു. ഈ വർഷമാദ്യം 20 ദിവസത്തെ പരോളിന്‌ ഇറങ്ങിയപ്പോൾ ആണ് ദേവീന്ദർ മുങ്ങിയത്.

യുപിയിൽ തട്ടിപ്പ് ഗ്യാസ് ഏജൻസി നടത്തിയതിന് മുമ്പ് രണ്ട് തവണ ദേവീന്ദർ അറസ്റ്റിലായിട്ടുണ്ട്. അന്തർസംസ്ഥാന കിഡ്‌നി റാക്കറ്റിലെ കണ്ണിയായായതിന്റെ പേരിലും ദേവീന്ദറിനെതിരെ കേസ് ഉണ്ട്. 1994 മുതൽ 10 വർഷക്കാലത്ത് 125 കിഡ്നികൾ ആണ് അനധികൃതമായി ദേവീന്ദറും കൂട്ടരും വിറ്റത്.

ഒരു വിധവയെ കല്യാണം കഴിച്ച് ഡൽഹി ബപ്‌റോളയിൽ ഒളിവിൽ കഴിയവേയാണ് 62 കാരനായ ദേവീന്ദറിനെ പോലീസ് വീണ്ടും പിടികൂടുന്നത്. നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ താൻ തന്നെയാണ് ദേവീന്ദർ എന്ന് സമ്മതിച്ചു.

1984 ൽ ബിഹാറിലെ സിവനിൽ നിന്ന് ബി എ എം എസ് കരസ്ഥമാക്കിയ ദേവീന്ദർ 10 വർഷത്തോളം സ്വന്തമായി ഒരു ക്ലിനിക്ക് നടത്തി. 1994ൽ ആദ്യ വിവാഹം കഴിച്ചു. ഒരു ഗ്യാസ് ഡീലർഷിപ്പിനായി ദേവീന്ദർ 11 ലക്ഷം അക്കാലത്ത് മുടക്കി. എന്നാൽ കമ്പനി പൂട്ടിപ്പോയി. ഇതിനു പിന്നാലെ ഭരത് പെട്രോളിയം എന്ന പേരിൽ 1995ൽ ഒരു വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു.

ഇതിനിടെയാണ് ഗ്യാസ് കൊണ്ട് വരുന്ന ലോറികൾ തട്ടിയെടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തെ ദേവീന്ദർ പരിചയപ്പെടുന്നത്. കടത്തിയ സിലിണ്ടർ വിറ്റു ജീവിക്കുന്നതിനിടെ ദേവീന്ദർ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. 2001 ൽ ദേവീന്ദർ രണ്ടാം വ്യാജ ഗ്യാസ് ഏജൻസി തുടങ്ങി.

എന്നാൽ 1994 മുതൽ തന്നെ ദേവീന്ദറിന് കിഡ്‌നി റാക്കറ്റുമായി ബന്ധം ഉണ്ടായിരുന്നു. 2004ൽ ഗുഡ്ഗാവിൽ നിന്ന് ആദ്യമായി ഈ കേസിൽ പിടികൂടപ്പെട്ടു. 10 വർഷം കൊണ്ട് ഒരു കിഡ്നിക്ക് 5 മുതൽ 7 ലക്ഷം വരെ ഈടാക്കി 125 കിഡ്നികൾ അനധികൃതമായി മാറ്റിവച്ചതായി ദേവീന്ദർ കുറ്റസമ്മതം നടത്തി.

വ്യാജ ഗ്യാസ് ഏജൻസി പൂട്ടിയപ്പോൾ 2003 വരെ ഒരു ക്ലിനിക്കും ദേവീന്ദർ നടത്തി. ഈ ഘട്ടത്തിലാണ് ടാക്സിക്കാരെ കൊന്ന് ഹസാരെ കനാലിൽ മുതലക്കിട്ടു കൊടുക്കുന്ന സംഘവുമായി ദേവീന്ദർ ബന്ധപ്പെടുന്നത്. ടാക്സി പാർട്ടുകൾ സംഘം മറിച്ചു വിൽക്കും. ഒരു കാറിനു 20, 000 മുതൽ 25, 000 വരെ ലഭിക്കും. അങ്ങിനെ ദേവീന്ദറും കൂട്ടരും ഇല്ലാതാക്കിയത് 50 പേരെയാണ് . 2004 ൽ ഇതറിഞ്ഞ ഭാര്യയും കുട്ടികളും ദേവീന്ദറിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

Back to top button
error: