NEWS

സോണിയ ഗാന്ധിയുടെ രണ്ടാമൂഴത്തിന് ഒരു വയസ്, വെല്ലുവിളി നേതൃത്വത്തിന് അല്ല രാഹുൽ ഗാന്ധിയുടെ ഉപദേശകർക്ക്

കാർബണേറ്റഡ് പാനീയങ്ങളോട് സീതാറാം കേസരിക്ക് വലിയ താല്പര്യമാണ്. ഏറ്റവുമിഷ്ടം ലിംക. കുപ്പിയിൽ ഒരു സ്ട്രോയിട്ട് അതിങ്ങനെ വലിച്ചുകുടിക്കും. അവസാനതുള്ളി വരെ വായിൽ എത്തിക്കാൻ വേണ്ടി വലിക്കുന്ന ശബ്ദം അടുത്തിരുന്നവർ കേൾക്കും. തന്റെ കരിയറിലെ അവസാന കാലഘട്ടത്തിൽ കോൺഗ്രസ് ഹെഡ്ക്വാർട്ടേഴ്സിലിരുന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും രാഷ്ട്രീയം ലിംക കുടിക്കുന്നത് പോലെയല്ല എന്ന്.

ദശകങ്ങളായി സീതാറാം കേസരി പാർട്ടിയുടെ ഖജാൻജി ആയിരുന്നു. നല്ലൊരു യാത്രയയപ്പ് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകാം. 1997ൽ പാർട്ടിയിൽ അംഗത്വമെടുത്ത സോണിയാഗാന്ധി 1998 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. മാർച്ച് രണ്ടാം വാരം സീതാറാം കേസരി അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളെ ഒരു യോഗത്തിനായി വിളിച്ചു. എന്നാൽ ആവർത്തിച്ചു വിളിച്ചിട്ടും അയാൾ ചാച്ചാ എന്നറിയപ്പെടുന്ന കേസരിയെ കാണാൻ ചെന്നില്ല.എന്തുപറ്റി എന്ന് അന്വേഷിച്ച് സീതാറാം കേസരി തന്നെ അയാളെ തേടി ഇറങ്ങി.

ജനറൽ സെക്രട്ടറി ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആ മാസം അവസാനം നടക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ട ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകസമിതി കൂടി. സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രമേയം പാസ്സായി. ഒരു എതിർപ്പോ ഒരു തുള്ളി രക്തമോ പൊടിയാതെ അങ്ങനെ അധികാര കൈമാറ്റം നടന്നു.

ഓഗസ്റ്റ് 10ന് സോണിയാഗാന്ധിയുടെ രണ്ടാമൂഴത്തിന് ഒരു വർഷം തികയുകയാണ്. തെരഞ്ഞെടുപ്പ് തോറ്റതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി രാജി വെച്ചതാണ് സോണിയയുടെ രണ്ടാമൂഴത്തിന്റെ കാരണം. പാർട്ടി ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. ഒരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടു മറ്റൊരു സംസ്ഥാനത്ത് അധികാരനഷ്ടത്തിന്റെ വക്കിലും. രണ്ടു സംസ്ഥാനത്തും പാർട്ടിക്കെതിരെ പട നയിച്ചത് ചെറുപ്പക്കാരാണ്.

പാർട്ടിയിലെ രാഹുൽ പക്ഷക്കാരാണ് രണ്ട് സംസ്ഥാനത്തും കലാപക്കൊടി ഉയർത്തിയത്. രാഹുലിന്റെ ഉപദേശകർ ആണ് പാർട്ടിക്കുള്ളിലെ പ്രശ്നക്കാർ എന്നാണ് ഇപ്പോൾ പഴയ തലമുറ നേതാക്കൾ പറയുന്നത്. രാഹുലിന്റെ വിശ്വസ്തൻ കെ സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. രാജസ്ഥാനിൽ നിന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്ക്കുകയും ചെയ്തു.ആ രാജസ്ഥാനിൽ തന്നെ വിഭാഗീയത പൊട്ടിത്തെറിയിൽ എത്തുകയും ചെയ്തു.

സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് പഴയ തലമുറ നേതാക്കളുടെ അഭിപ്രായം. അതല്ല രാഹുലിനെ അധ്യക്ഷസ്ഥാനം ഏൽപ്പിക്കുകയാണ് ഉദ്ദേശമെങ്കിൽ വലിയൊരു ചർച്ച വേണമെന്നും ഇവർ ആവശ്യം ഉന്നയിക്കുന്നു.

2019 ലെ പൊതു തിരഞ്ഞെടുപ്പ് തോറ്റതോടു കൂടിയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് ഇറങ്ങുന്നത്. ഗുജറാത്ത്, ഡൽഹി കോൺഗ്രസ് പ്രസിഡണ്ട്മാരെ തിരഞ്ഞെടുത്തതിലും രാഹുൽ ഗ്രൂപ്പിന്റെ കയ്യൊപ്പ് കാണാം.

2014ലെ തോൽവിക്ക് പഴയ തലമുറ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട് രാജീവ്സതവ് രാജ്യസഭ എംപിമാരുടെ യോഗത്തിൽ സംസാരിച്ചത് ആരെയും അതിശയിപ്പിച്ചില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് ആണ്. അതും രാഹുൽ നിയമിച്ചത്. 2004 മുതൽ 2014 വരെയുള്ള ഉപദേശകരാണ് പാർട്ടിയെ നാശത്തിലേക്ക് നയിച്ചതെന്നു രാജീവ് വിമർശിച്ചു.

സോണിയ ഗാന്ധി എല്ലാം കേട്ടിരുന്നു. പഴയ തലമുറ നേതാക്കൾ പ്രതികരിച്ചില്ല. പ്രതികരണത്തിന് അവർ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി ഷംഷീർ സിംഗിനെ ചുമതലപ്പെടുത്തി. പഴയ തലമുറ നേതാക്കൾ പാർട്ടിക്കുവേണ്ടി ചെയ്തതിനെക്കുറിച്ച് ഷംഷീർ സിംഗ് വാചാലനായി.

രാഹുലിനെ കോൺഗ്രസ് അധ്യക്ഷൻ ആക്കുന്നതിൽ പഴയ തലമുറ നേതാക്കൾക്ക് യാതൊരു എതിർപ്പുമില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് അദ്ധ്യക്ഷനാകുന്നതാണ് കൂടുതൽ കുഴപ്പമെന്ന് ഇവർക്കറിയാം. എന്നാൽ രാഹുൽ എങ്ങനെ കോൺഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകും എന്നതിനെക്കുറിച്ച് ഇവർക്ക് ആശങ്കയുണ്ട്. രാഹുലിന്റെ ഉപദേശക സമിതിയെ കുറിച്ചാണ് കൂടുതൽ ആശങ്ക.

1998 മുതൽ 2014 വരെ സോണിയക്ക് ഒപ്പം നിന്ന പഴയ തലമുറ നേതാക്കളെ കുറിച്ചും അതിനുശേഷം രാഹുലിനൊപ്പം പുതുതലമുറ നേതാക്കളെ കുറിച്ചുള്ള ഒരു താരതമ്യം ഇവർ വരയ്ക്കുന്നുണ്ട്. കഴിഞ്ഞ മേയിൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് മറ്റൊരു അധ്യക്ഷ ഉണ്ടാകരുതെന്ന കാര്യം മുന്നോട്ടുവച്ചിരുന്നു.

എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിന്റെ പേര് ഉയർന്നുവന്നപ്പോൾ സോണിയാഗാന്ധി പാർട്ടി അധ്യക്ഷയാകാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ സോണിയാഗാന്ധിയുടെ താൽക്കാലിക അധ്യക്ഷസ്ഥാനത്തിന്റെ കാലാവധി കഴിയുമ്പോൾ പാർട്ടിക്കുള്ളിൽ ആശയ സമരങ്ങളിൽ എങ്കിലും കൊമ്പ് കോർക്കാനൊരുങ്ങുകയാണ് പഴയ തലമുറയും പുതിയ തലമുറയും.എന്നാൽ കോൺഗ്രസിന് അത് താങ്ങാൻ ഉള്ള ആവതുണ്ടോ എന്നത് മറ്റൊരു കാര്യം.

Back to top button
error: