NEWS

കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർ തലത്തിലും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർതലത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. സ്വകാര്യ സംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചു. സമീപ വർഷങ്ങളിലെ കരാറുകൾ കസ്റ്റംസ് പരിശോധിച്ചേക്കും.

ദുബായിലും മറ്റു മലയാളികൾ ഉൾപ്പെട്ട കേസുകൾ ഒതുക്കി തീർക്കാൻ സ്വപ്ന സ്വാധീനം ഉപയോഗിച്ചിരുന്നു എന്നും സൂചനയുണ്ട്. ഇവരിൽ ചിലർ ജൂലൈ അഞ്ചിന് സ്വപ്നയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഇവരുടെ മൊഴി എടുത്തേക്കും.

മൊഴിക്കനുസരിച്ചുള്ള പണം സ്വപ്നയിൽ നിന്ന് കണ്ടെത്തിയില്ല എന്നത് കസ്റ്റംസിനെ കുഴക്കുന്ന കാര്യമാണ്. കാര്യങ്ങൾ സ്വപ്ന പറഞ്ഞ രീതിയിൽ ആണെങ്കിൽ നല്ലൊരു സമ്പാദ്യം ഉണ്ടാകും. എന്നാൽ ഒരു കോടി രൂപയോളം മാത്രമാണ് സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത്. ബാക്കി പണം കണ്ടെത്താനുള്ള അന്വേഷണം കസ്റ്റംസ് തുടരുകയാണ്.

ഇതിനിടെ ശിവശങ്കർ സ്വപ്നയെ താക്കീതു ചെയ്തതായും സൂചനയുണ്ട്. സ്വപ്നയുടെ ഇടപാടുകൾ കൈവിട്ടുപോകുന്നുവെന്ന് കണ്ടതിനെത്തുടർന്നാണ് ഇത് എന്നാണ് വിവരം. അതുകൊണ്ടായിരിക്കാം സ്വർണം പിടിയിലായ വിവരം പറഞ്ഞപ്പോൾ അദ്ദേഹം ഇടപെടാതെ ഇരുന്നതെന്നും കസ്റ്റംസ് കരുതുന്നു.

Back to top button
error: