NEWS

സ്വര്‍ണ്ണക്കടത്ത് : മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ ഇവയാണ്.

1. അന്‍പത് മാസമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നിട്ടും എം.ശിവശങ്കരന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?

2. സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ?

3. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോണ്‍സുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നതും മുഖ്യമന്ത്രി അറിഞ്ഞില്ലേ?

4. ശിവശങ്കരന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കോടികളുടെ  കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകളും സ്പിംഗ്‌ളര്‍ കരാര്‍ പോലുള്ള അന്താരാഷ്ട്ര ഏര്‍പ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാന്‍ തയ്യാറായത്്?

5. ഇടതു സര്‍ക്കാരിന് കീഴില്‍ നടന്ന കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് ഒരു സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്?

6. വിദേശ കോണ്‍സുലേറ്റ് മറയാക്കി നിര്‍ബാധം മുഖ്യമന്ത്രിയുടെ മൂക്കിന് താഴെക്കൂടി സ്വര്‍ണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?

7. കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുന്നുവെന്ന് ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നോ?

8.വിദേശ കുത്തകകള്‍ക്ക് ലക്കും ലഗാനുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതുള്‍പ്പടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍  സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വന്‍തോതില്‍ വ്യതിചലിച്ചതിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാന്‍ നല്കിയ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്?

9. രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അത്യപൂര്‍വ്വ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസ്സപ്പെടുത്തുന്നത് എന്തു കൊണ്ട്?

10.  രാത്രി പകലാക്കി ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരെ വിഢ്ഢികളാക്കി പിന്‍വാതിലിലൂടെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉന്നത ഉദ്യോഗങ്ങള്‍ തട്ടിയെടുത്തിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറാവാതിരിക്കുന്നത് എന്തു കൊണ്ട്?

Back to top button
error: