NEWS

പോലീസ് ആസ്ഥാനം അടച്ചു, 52 വയസിനു മുകളിൽ ഉള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ

52 വയസിനു മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപി. 50 വയസിനു താഴെയാണെങ്കിലും മറ്റു അസുഖം ഉള്ളവരെ ഫീൽഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നതും വിലക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാരുടെ പ്രതിസന്ധി കണ്ടാണ് തീരുമാനം. സർക്കുലറിലൂടെയാണ് ഡിജിപി ഇക്കാര്യങ്ങൾ അറിയിച്ചത്.

50 വയസിനു മുകളിൽ ഉള്ളവരെ വാഹന പരിശോധനക്ക് നിയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇനി ഏതെങ്കിലും അവസരത്തിൽ അങ്ങിനെ നിയോഗിക്കേണ്ടി വന്നാൽ അവർക്ക് ഗുരുതരമായ മറ്റു അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തണം.

പോലിസുകാർ ഡ്യൂട്ടിയിൽ ഉള്ളപ്പോഴും ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. കുടുംബത്തിൽ ഉള്ളവരും നിർദേശങ്ങൾ വ്യക്തമായി പാലിക്കണം.

സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ അധികവും തിരുവനന്തപുരം ജില്ലയിൽ ആണ്.അണുനശീകരണത്തിനായി പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പോലീസ് ആസ്ഥാനം അടച്ചത്. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Back to top button
error: