വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാവൂ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിശദമായ ചര്‍ച്ചകള്‍ നടത്തി ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു മാത്രമേ നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവത്ക്കരിക്കുക എന്ന സംഘപരിവാര്‍ ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആക്ഷേപവും ശക്തമാണ്. അത് അനുവദിക്കാന്‍ കഴിയുന്നതല്ല.

1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭ അംഗീകരിച്ച നിലവിലുള്ള വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വരുത്തുമ്പോള്‍ അത് പാര്‍ലമെന്റില്‍ ഉള്‍പ്പടെ സമഗ്രമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാകണമായിരുന്നു.  പാര്‍ലമെന്റിനെ പൂര്‍ണ്ണമായി ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ ബാധിക്കുന്ന പരിഷ്‌ക്കാരം നടപ്പാക്കുന്നത് ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമായിട്ടു കൂടി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

ആഴത്തിലുള്ള ആലോചനകള്‍ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കും സൂക്ഷമായ വിലയിരുത്തലുകള്‍ക്കും ശേഷം വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ രംഗത്തെ അഴിച്ചു പണികള്‍. സങ്കുചിത ലക്ഷ്യത്തോടെ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത് തലമുറകളോട് ചെയ്യുന്ന അപരാധമായിരിക്കും. അതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പരിഷ്‌ക്കാരം നടപ്പാക്കാവൂ എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

—————-

 പത്രക്കുറിപ്പ്       31-7-2020

പുതിയ കപ്പല്‍ പാത മല്‍സ്യബന്ധനമേഖലകളെ    നശിപ്പിക്കും:  രമേശ് ചെന്നിത്തല.

തിരുവനന്തപുരം:  ഇന്ത്യയുടെ  തെക്ക് പടിഞ്ഞാറന്‍  സമുദ്രമേഖലയില്‍  ആഗസ്ത് ഒന്ന് മുതല്‍ നിലവില്‍ വരുന്ന കപ്പല്‍ പാത  കേരളത്തിലെ മല്‍സ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മല്‍സ്യബന്ധനമേഖലകളെല്ലാം ഈ കപ്പല്‍ പാതയില്‍ ഉള്‍പ്പെടുന്നതോടെ മല്‍സ്യഉല്‍പ്പാദനമേഖലകളെല്ലാം വലിയ ഭീഷണിയെ നേരിടുകയാണ്.  അത്  കൊണ്ട് തന്നെ  ഈ മേഖലകളെ  കപ്പല്‍പാതയില്‍ നിന്നൊഴിവാക്കാനുള്ള അടയന്തിര നടപടികള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലം തീരക്കടലിലെ മല്‍സ്യ ബന്ധന മേഖലയായ കൊല്ലം പരപ്പിന് ഈ പാത  വലിയ ഭീഷണിയാണ്.  പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ സജീവമായി മല്‍സ്യ ബന്ധനത്തിലേര്‍പ്പെടുന്ന മേഖലയാണിത്.  ഈ മേഖലയ   ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള  കപ്പല്‍ പാതയായി തിരഞ്ഞെടുക്കുമ്പോള്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരിക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ  ജീവിതത്തിന് അത് വലിയ ഭീഷണിയായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ പരിധിയില്‍ മല്‍സ്യബന്ധനം നടത്തുന്ന  മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ   ജീവന് വളരെയേറെ  ഭീഷണിയാണ് ഈ കപ്പല്‍ പാത.  അതോടൊപ്പം അവരുടെ ഉപജീവനമാര്‍ഗവും ഇതില്ലാതാക്കും.  കന്യാകുമാരിക്ക് സമീപമുള്ള   വാഡ്ജ് ബാങ്കിനെ ഈ   കപ്പല്‍ ചാലില്‍ നിന്നും അവിടത്തെ  സര്‍ക്കാരിന്റെയും മല്‍സ്യത്തൊഴിലാളി സമൂഹങ്ങളുടെയും അഭ്യര്‍ത്ഥന   കണക്കിലെടുത്ത്  കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും  അത്ര തന്നെ പ്രധാന്യമുള്ള  കൊല്ലം  പരപ്പിനെ  കപ്പല്‍  പാതയില്‍ നിലനിര്‍ത്തുകയാണുണ്ടായത്. ഇത്  കേരള തീരത്തെ   പതിനായിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നതാണ്.  അത് കൊണ്ട് തന്നെ  ഈ  കപ്പല്‍ പാതയില്‍ നിന്ന്  പരമ്പരാഗത മല്‍സ്യ ബന്ധന മേഖലകളെ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version