NEWS

മുഖ്യമന്ത്രിയുടെ മുൻസെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമോ എന്ന് ആകാംക്ഷ

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ആണ് ചോദ്യം ചെയ്യൽ.

പുലർച്ചെ നാലരയോടെ ശിവശങ്കർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. 9 മണിക്ക് ശേഷം കൊച്ചിയിൽ എത്തി. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ പ്രത്യേക സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ആണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എൻ ഐ എ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘം ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. 56 ചോദ്യങ്ങൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ.

നേരത്തെ തിരുവനന്തപുരത്തു വെച്ചും എൻ ഐ എ ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കർ ചോദ്യം ചെയ്യലിൽ പറഞ്ഞത്‌. അതേസമയം ശിവശങ്കർ എൻഐഎക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ ഊന്നിയുള്ള ചോദ്യങ്ങളും ഇന്നുണ്ടാകും.

യു എ ഇ കോൺസുലേറ്റ് ഗൺമാൻ ആയിരുന്ന ജയഘോഷിനെ കേസിൽ പ്രതി ചേർത്തേക്കും. സ്വപ്നയേയും സന്ദീപിനെയും കള്ളക്കടത്തിന് ജയഘോഷ്‌ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ജയഘോഷിനെ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും എന്നാണ് വിവരം.

Back to top button
error: