Breaking NewsNEWS

വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ റോഡില്‍; വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ ഉപരോധം തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുകയാണ്. വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിലാണ് സമരം. ആറ്റിങ്ങലില്‍ സ്ത്രീകള്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്.

റോഡ് ഉപരോധസമരത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍, തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷന്‍ കടവും സമരക്കാര്‍ ഉപരോധിച്ചു. വിഎസ് എസ് സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ചാക്ക ബൈപ്പാസിലും ഗതാഗതം തടസപ്പെട്ടു. നഗരത്തില്‍ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം വഴിതിരിച്ചു വിടുകയാണ്.

രാവിലെ 11 മണിയോടെ സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും. സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നത്. ലത്തീന്‍ അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കിയിട്ടുള്ളത്. സമരം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളില്‍ വായിച്ച സ!ര്‍ക്കുലറില്‍ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

 

 

 

Back to top button
error: