KeralaNEWS

നിറംമാറ്റം ഉള്‍പ്പെടെയുള്ള തീരുമാനം നടപ്പാക്കുമെന്ന് ടൂറിസ്റ്റ്ബസ് ഉടമകളോട് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഉന്നതതലയോഗത്തിന്റേതാണ് തീരുമാനങ്ങള്‍.

വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി. ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി.

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ 1 മുതല്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റേണ്ടതാണ്. ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കും.

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍തിരെ നടപടി കൈക്കൊള്ളും. ഈ മാസം 15 ന് മുന്‍പ് 4 സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തും.

 

 

 

 

 

 

 

 

 

Back to top button
error: