CrimeNEWS

സൗദി അറേബ്യയിൽ ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു മലയാളികളെ നാടുകടത്തി; വൻതുക പിഴയും

റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു മലയാളികളെ ശിക്ഷിച്ചു. വൻതുക പിഴയും നാടുകടത്തലുമാണ് ശിക്ഷ. റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ് മോൺ പൊടിയാട്ടകുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യമനി പൗരൻ വഹീദ് അഹമ്മദ് മുഹമ്മദ് അൽയൂസുഫിനെയും ഇവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്റെ സഹായങ്ങളോടെ മലയാളികളും യമനിയും റിയാദിൽ മൂന്നു മിനിമാർക്കറ്റുകൾ നടത്തുകയായിരുന്നു. നിയമലംഘകർക്ക് കോടതി 80,000 റിയാൽ (ഏകദേശം 17 ലക്ഷം രൂപ) പിഴ ചുമത്തി. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനുകളും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് കോടതി വിലക്കുമേർപ്പെടുത്തി.

നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽനിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെയും യമനിയെയും സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

റിയാദിൽ സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്മെന്റിനു കീഴിലെ മൂന്നു മിനിമാർക്കറ്റുകൾ ബിനാമി സ്ഥാപനങ്ങളാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ സ്ഥാപനങ്ങൾ വിദേശികൾ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് വ്യക്തമായി. അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമനടപടികൾക്കായി കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

 

 

Back to top button
error: