NEWSWorld

പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഹിന റബ്ബാനി ഖാർ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാർ രംഗത്ത്. പാകിസ്ഥാൻ വാർത്താ ഔട്ട്ലെറ്റ് ജിയോ ന്യൂസിനോട് സംസാരിക്കവേയാണ്, പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നവെന്ന് മന്ത്രി പരസ്യമായി പറഞ്ഞത്.

ആഗോള വേദികളില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഇസ്ലാമാബാദ് പലപ്പോഴും സംസാരിക്കാറുണ്ടെന്നും അവര്‍ സമ്മതിച്ചു. അഫ്ഗാനിസ്ഥാന്‍ ദാരിദ്ര്യം, പട്ടിണി, ഭീകരത എന്നിവയുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കുമ്പോള്‍, പാകിസ്ഥാന് നോക്കിയിരിക്കാനാകില്ല. അതിനാല്‍ ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം താലിബാൻ ഭരണകൂടവുമായി സംഭാഷണത്തിന് മുൻഗണന നൽകിയെന്നും ഖാർ ഉടൻ കൂട്ടിച്ചേർത്തു.  അക്രമങ്ങളില്‍ പാകിസ്ഥാൻ അതിർത്തിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചാൽ രാജ്യത്ത് തനിക്ക് പോലും ഒരു മുറി അവശേഷിക്കില്ലെന്ന് ഖാർ പറഞ്ഞു.

എന്ത് ചെയ്യണമെന്ന് മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് ഞങ്ങൾ നയതന്ത്രം പിന്തുടരുന്നില്ല. ഞങ്ങൾ, ഞങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നു. അത് പാശ്ചാത്യ വീക്ഷണമല്ല. അഫ്ഗാനിസ്ഥാനിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു വിധത്തിൽ, ഞങ്ങൾ താലിബാൻ വക്താക്കളായി മാറുന്നു. താലിബാൻ ഗവൺമെന്‍റിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി സാഹിബിന്‍റെ ജോലിയാണ് അഫ്ഗാനിസ്ഥാന്‍റെ വക്താവായി പ്രവർത്തിക്കുക എന്നത്. അത് ഞങ്ങളുടേതല്ല. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകണമെന്നും ഹിന റബ്ബാനി ഖാർ ജിയോ ന്യൂസിനോട് പറഞ്ഞു.

ഇറാന് പുറമെ അഫ്ഗാനിസ്ഥാന്‍റെ 2600 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യം പാകിസ്ഥാനാണ്. അഫ്ഗാനിസ്ഥാന്‍റെ എല്ലാം നയതന്ത്രബന്ധങ്ങളും അടച്ച്, ബാങ്കുകള്‍ പൂട്ടി അവരെ പട്ടിണിക്കിട്ടു. അഫ്ഗാനിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍, തീവ്രവാദത്തിലേക്ക് നീങ്ങുമ്പോള്‍ ഏത് രാജ്യമാണ് ശ്രദ്ധിക്കേണ്ടതെന്നും അത് അറ്റ്ലാന്‍റിക്കിന് കുറുകെ ഇരിക്കുന്നവരല്ലെന്നും മറിച്ച് അഫ്ഗാനുമായി 2600 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാക്സ്ഥാനാണെന്നും ഹിന റബ്ബാനി ഖാർ വിശദമാക്കുന്നു. അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഖാര്‍ സ്വയം ന്യായീകരണത്തിന് ശ്രമിച്ചത്.   മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തില്‍ സെക്കുലര്‍ ഭരണം നടത്തിയ യുപിഎയില്‍ നിന്ന് വ്യത്യസ്തമായ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയുമായി ഇസ്ലാമാബാദിന് സഹകരിക്കാനാകില്ലെന്നും ഹിന റബ്ബാനി ഖാർ കൂട്ടിചേര്‍ത്തു.

2019 ലെ ബാലാകോട്ട് വ്യോമാക്രമണം ചൂണ്ടിക്കാട്ടിയ ഖാർ, മോദി പാകിസ്ഥാന് ഒന്നിലധികം സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും അതിലൊന്നാണ് പാകിസ്ഥാനിലെ ‘അഭൂതപൂർവമായ’ വ്യോമാക്രമണമാണെന്നും ആരോപിച്ചു. 2019 ഓഗസ്റ്റ് 5 ന് നരേന്ദ്ര മോദി സർക്കാർ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ, ആ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന റബ്ബാനി ഖാർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവരാൻ ശ്രമിച്ചതെന്നും ഖാർ ആരോപിച്ചു.

Back to top button
error: