KeralaNEWS

തോമസ് ഐസക്കിന് ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമ ലംഘനമുണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാര്‍ക്കു തുടര്‍ച്ചയായി സമന്‍സുകള്‍ അയയ്ക്കുന്നതു ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. ‘ഫെമ’ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നതില്‍ ആര്‍.ബി.ഐ അഭിപ്രായം പറയേണ്ടതുണ്ട്. കേസില്‍ ആര്‍ബിഐക്കു നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. നവംബര്‍ 15 ന് കേസ് വീണ്ടും പരിഗണിക്കും.

താന്‍ ‘ഫെമ’ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ.ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബിയുടെ വാദം. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.

സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സമന്‍സ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Back to top button
error: